മെയ്ക് ഇൻ ഇന്ത്യ സ്വിഫ്റ്റ് ദക്ഷിണ ആഫ്രിക്കയിലും

New Swift

ഇന്ത്യയിൽ നിർമിച്ച നാലാം തലമുറ ‘സ്വിഫ്റ്റ്’ സുസുക്കി ദക്ഷിണ ആഫ്രിക്കൻ വിപണിയിൽ അവതരിപ്പിച്ചു. ഗുജറാത്തിലെ സാനന്ദിലുള്ള ശാലയിൽ നിർമിച്ച ‘സ്വിഫ്റ്റ്’ ഹാച്ച്ബാക്കാണു സുസുക്കി ആഫ്രിക്കയിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ദക്ഷിണ ആഫ്രിക്കയിലേക്കുള്ള ‘സ്വിഫ്റ്റ്’ കയറ്റുമതിയുടെ തുടക്കം. രണ്ട് വകഭേദങ്ങളിലാണു സുസുക്കി ‘സ്വിഫ്റ്റ്’ ദക്ഷിണ ആഫ്രിക്കയിൽ ലഭിക്കുക: ജി എ, ജി എൽ. ‘സ്വിഫ്റ്റ് ജി എല്ലി’ൽ മാനുവൽ ഗീയർബോക്സിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനുമുണ്ടെന്നതാണു പ്രധാന വ്യത്യാസം. 

ഇന്ത്യൻ വിപണിയിലെ ‘എൽ എക്സ് ഐ’ക്കു സമാനമാണ് ആഫ്രിക്കയിലെ അടിസ്ഥാന വകഭേദമായ ‘സ്വിഫ്റ്റ് ജി എ’. കറുപ്പ് നിറമുള്ള എ, ബി പില്ലർ, റിയർ വ്യൂ മിറർ, സ്റ്രീൽ വീൽ, പവർ വിൻഡോ, ഹീറ്റിങ് — വെന്റിലേഷൻ ആൻഡ് എയർ കണ്ടീഷനർ(എച്ച് വി എസി) തുടങ്ങിയവയാണ് കാറിലുള്ളത്.

അതേസമയം ‘ജി എല്ലി’ലാവട്ടെ വീൽ കവർ സഹിതം 15 ഇഞ്ച് സ്റ്റീൽ വീൽ, ബോഡിയുടെ നിറമുള്ള റിയർവ്യൂ മിറർ, ടേൺ ഇൻഡിക്കേറ്റർ സഹിതം ഫോഗ് ലാംപ് തുടങ്ങിയവയുണ്ട്. അകത്തളത്തിലാവട്ടെ മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ, ഓക്സിലറി — യു എസ് ബി — ബ്ലൂ ടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളോടെ ടു ഡിൻ ഓഡിയോ സിസ്റ്റം എന്നിവയും ലഭ്യമാണ്. സുരക്ഷയ്ക്കായി മുന്നിൽ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയവയുമുണ്ട്. 

ദക്ഷിണ ആഫ്രിക്കയിൽ 1.2 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിനോടെ മാത്രമാണ് ‘2018 സുസുക്കി സ്വിഫ്റ്റ്’ വിൽപ്പനയ്ക്കുള്ളത്; 6,000 ആർ പി എമ്മിൽ 82 ബി എച്ച് പി വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സാധ്യതകളാണു കാറിലുള്ളത്. ‘ഹാർടെക്ട്’പ്ലാറ്റ്ഫോം അടിത്തറയാവുന്ന നാലാം തലമുറ ‘സ്വിഫ്റ്റ്’ കഴിഞ്ഞ വർഷം തന്നെ ജപ്പാനിൽ വിൽപ്പനയ്ക്കെത്തിയിരുന്നു. ദൃഢതയേറിയ ഷാസിയും 20 എം എം അധിക വീൽബേസും 40 എം എം അധിക വീതിയുമൊക്കെയുള്ള കാറിനു പക്ഷേ നീളം മുൻ മോഡലിനെ അപേക്ഷിച്ച് 10 എം എം കുറവാണ്.