Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

75 ‘ബോയിങ് 737 മാക്സ്’ കൂടി വാങ്ങാൻ ജെറ്റ്

boeing-737-max Boeing 737 Max

യു എസ് നിർമാതാക്കളായ ബോയിങ്ങിൽ നിന്ന് 75 ‘ബോയിങ് 737 മാക്സ്’ വിമാനം കൂടി വാങ്ങുമെന്നു പ്രമുഖ എയർലൈനായ ജെറ്റ് എയർവെയ്സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമഗതാഗത വിപണിയായ ഇന്ത്യയിൽ ആഭ്യന്തര യാത്രാ മേഖലയിലെ സാധ്യതകൾ മുതലെടുക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും കമ്പനി വിശദീകരിച്ചു. വിമാനം വാങ്ങുന്നതു സംബന്ധിച്ചു ബോയിങ്ങുമായി കരാറിലെത്തിയതായും ജെറ്റ് എയർവെയ്സ് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. എന്നാൽ 75 ‘മാക്സ്’ വിമാനങ്ങൾക്കുള്ള അന്തിമ ഓർഡർ നൽകിയോ അതോ ധാരണാപത്രം മാത്രമാണോ ഒപ്പിട്ടതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ജെറ്റ് എയർവെയ്സിന്റെ ആദ്യ ‘ബോയിങ് 737 മാക്സ്’ വിമാനം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. സിവിൽ വ്യോമ ഗതാഗത ഡയറക്ടർ ജനറലി(ഡി ജി സി എ)ൽ നിന്നുള്ള അനുമതികൾ ലഭിച്ച സാഹചര്യത്തിൽ ‘വി ടി — ജെ എക്സ് എ’ എന്ന റജിസ്ട്രേഷനുള്ള വിമാനം വൈകാതെ സർവീസ് തുടങ്ങുമെന്നാണു സൂചന. വീതി കുറഞ്ഞ ജെറ്റ് വിമാനമായ ‘ബോയിങ് 737 മാക്സ്’ വാങ്ങാൻ ജെറ്റ് എയർവെയ്സ് കഴിഞ്ഞ ഒരു വർഷത്തിനിടെ നൽകുന്ന മൂന്നാമത്തെ ഓർഡർ ആണിത്. ഇതോടെ മൊത്തം 225 ‘ബോയിങ് 737 മാക്സ്’ വിമാനങ്ങൾ വാങ്ങാനാണു ജെറ്റ് എയർവെയ്സ് ഒരുങ്ങുന്നത്. ഇതിനു മുമ്പ് കഴിഞ്ഞ വർഷം ഒക്ടോബറിലും കഴിഞ്ഞ ഏപ്രിലിലും ഇത്തരത്തിലുള്ള 75 വീതം വിമാനം വാങ്ങാൻ ജെറ്റും ബോയിങ്ങും ധാരണയിലെത്തിയിരുന്നു.

നിലവിലുള്ള വില നിലവാരമനുസരിച്ച് ജെറ്റ് എയർവെയ്സിന്റെ പുതിയ ഓർഡറിന് 970 കോടി ഡോളർ(66,091 കോടിയോളം രൂപ) ആണു മൂല്യം കണക്കാക്കുന്നത്. 130 മുതൽ 230 പേർക്കു വരെ യാത്രാസൗകര്യമുള്ള വ്യത്യസ്ത വകേഭേദങ്ങളാണു ബോയിങ് ‘737 മാക്സ്’ ശ്രേണിയിൽ ലഭ്യമാക്കുന്നത്. ഇതിൽ ഏതു പതിപ്പാണു ജെറ്റ് എയർവെയ്സ് തിരഞ്ഞെടുത്തത് എന്നു വ്യക്തമല്ലാത്തതിനാൽ വിലയിലും മാറ്റം വരാം. പോരെങ്കിൽ വൻതോതിൽ വിമാനം വാങ്ങുമ്പോൾ ബോയിങ് ജെറ്റ് എയർവെയ്സിന് ഗണ്യമായ വിലക്കഴിവും അനുവദിക്കാനിടയുണ്ട്. 

ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലെ യാത്രക്കാരുടെ പെരുപ്പം മുൻനിർത്തി വൻവികസനത്തിനാണ് ഇന്ത്യയിലെ വിമാന കമ്പനികൾ തയാറെടുക്കുന്നത്. അതുകൊണ്ടുതന്നെ ബോയിങ്ങിനെയും യൂറോപ്യൻ എതിരാളികളായ എയർബസിനെയും സംബന്ധിച്ചിടത്തോളം രാജ്യാന്തരതലത്തിൽതന്നെ സുപ്രധാന വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. അടുത്ത 20 വർഷത്തിനിടെ 29,000 കോടി ഡോളർ(ഏകദേശം 19.76 ലക്ഷം കോടി രൂപ) വിലയ്ക്കുള്ള 2,100 വിമാനം വരെ ഇന്ത്യൻ എയർലൈനുകൾ ഓർഡർ ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു 2017 ജൂലൈയിൽ ബോയിങ്ങിന്റെ പ്രതീക്ഷ. ഏഷ്യൻ സമ്പദ്വ്യവസ്ഥകളിൽമ ന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ വ്യോമഗതാഗതത്തിന്റെ സാധ്യതകൾ വിപുലമാണെന്നും കമ്പനി വിലയിരുത്തിയിരുന്നു.

ഏതാനും വർഷമായി ആഭ്യന്തര വ്യോമഗതാഗത രംഗത്ത് 20 ശതമാനത്തിലേറെ വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഡൽഹിയും മുംബൈയും പോലുള്ള പ്രധാന വിമാനത്താവളങ്ങളിലെ തിരക്കും മറ്റു സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിൽ നേരിടുന്ന പോരായ്മകളുമൊന്നും ഈ മുന്നേറ്റത്തിനു തിരിച്ചടിയായിട്ടില്ല.