ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയുമായി മഹീന്ദ്രയും

Ssangyong Turismo, Representative Image

എംപിവി സെഗ്‌മെന്റിലെ താരമായ ഇന്നോവ ക്രിസ്റ്റയോട് മത്സരിക്കാൻ കൂടുതൽ വാഹനങ്ങളെത്തുന്നു. കിയയും എംജി മോട്ടോഴ്സുമെല്ലാം പുതിയ എംപിവിയെപ്പറ്റി ആലോചിക്കുമ്പോൾ പുതിയ വാഹനത്തിന് പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. യു 321 എന്ന കോഡു നാമത്തിലാണ് മഹീന്ദ്ര പുതിയ എംപിവിയെ നിർമിക്കുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്.

യുവി സെഗ്‌മെന്റിൽ ഒന്നാമനായിരുന്ന മഹീന്ദ്രയെ പിന്തള്ളി മാരുതി ഒന്നാമതെത്തിയത് അടുത്തിടെയാണ്. പുതിയ വാഹനങ്ങളുടെ അഭാവം മഹീന്ദ്രയെ പിന്നോട്ട് വലിക്കുമ്പോൾ സെഗ്മെന്റിലേക്ക് പുതിയ നിരവധി വാഹനങ്ങളെയാണ് മഹീന്ദ്ര പുറത്തിറക്കാൻ ഒരുങ്ങുന്നത്. ബ്രെസയുടേയും ഫോർച്യൂണറിന്റേയും എതിരാളികൾ പുറത്തിറങ്ങിയതിന് ശേഷമാകും പുതിയ എംപിവി വിപണിയിലെത്തുക.

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് രൂപകല്‍പന. രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് എംപിവി എത്തുക. അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്.

സെഗ്്മെന്റിലെ താരമായ ഇന്നോവയോട് മത്സരിക്കാനെത്തുന്ന വാഹനത്തെ മഹീന്ദ്ര അടുത്ത വർഷം വിപണിയിലെത്തിക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാങ് യോങും സംയുക്തമായി വികസിപ്പിച്ച എന്‍ജിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷ.