സ്കോഡ ‘ഒക്ടേവിയ ആർ എസ്’ ബുക്കിങ് വീണ്ടും

Skoda Octavia RS

കോംപാക്ട് കാറായ ‘ഒക്ടേവിയ ആർ എസി’നുള്ള ബുക്കിങ് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ പുനഃരാരംഭിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് അനുവദിച്ച 250 കാറുകൾ അതിവേഗം വിറ്റുപോയ സാഹചര്യത്തിലായിരുന്നു കമ്പനി ‘ഒക്ടേവിയ ആർ എസി’നുള്ള ബുക്കിങ്ങുകൾ നിർത്തിയത്. ഇന്ത്യയിലെ വിൽപ്പനയ്ക്കായി കൂടുതൽ കാറുകൾ അനുവദിച്ച സാഹചര്യത്തിലാണ് സ്കോഡ ഓട്ടോ ഇപ്പോൾ ബുക്കിങ് പുനഃരാരംഭിക്കുന്നത്.

പതിനേഴ് ഇഞ്ച് വീലുകൾക്കൊപ്പം കൂടുതൽ ആക്രമണോത്സുകത തോന്നിക്കുന്ന ബോഡി കിറ്റും ‘2017 ഒക്ടേവിയ ആർ എസി’ന്റെ സവിശേഷതയാണ്; പുത്തൻ ബംപർ, എക്സോസ്റ്റിന്റെ അഗ്രത്തിൽ സ്റ്റീൽ ടിപ്, ചെറു സ്പോയ്ലർ എന്നിവയാണു ബോഡി കിറ്റിലുള്ളത്. അകത്തളത്തിലാവട്ടെ സീറ്റുകളിൽ ‘ആർ എസ്’ ബ്രാൻഡിങ്ങും കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങും സ്പോർട്ടി സ്റ്റീയറിങ് വീലും പാഡ്ൽ ഷിഫ്റ്ററുമൊക്കെയുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് എന്നിവയ്ക്കൊപ്പം പിൻസീറ്റിൽ നിന്നു നിയന്ത്രണം സാധ്യമാക്കുന്ന ‘ബോസ് കണക്ട്’ ആപ്ലിക്കേഷൻ സഹിതമുള്ള 9.2 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് ടച് സ്ക്രീനും കാറിലുണ്ട്. ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യലാണു ‘സ്കോഡ ഒക്ടേവിയ ആർ എസി’ലേത്. 

പ്രകടനക്ഷമതയേറിയ ‘സ്കോഡ ഒക്ടേവിയ’യ്ക്കു കരുത്തേകുന്നത് രണ്ടു ലീറ്റർ, ടർബോ പെട്രോൾ എൻജിനാണ്; 230 പി എസ് വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഡി എസ് ജി ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ സാധ്യത. കാറിലെ സസ്പെൻഷനും പരിഷ്കരിച്ചിട്ടുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കാൻ ഒൻപത് എയർബാഗ്, ഇ എസ് പി, പ്രഡിക്റ്റീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ട്രെയ്ലർ അസിസ്റ്റ്, ഡൈനാമിക് ഷാസി കൺട്രോൾ തുടങ്ങിയവയും കാറിലുണ്ട്.