ഇസൂസു ഇന്ത്യയുടെ ഉൽപ്പാദനം 10,000 പിന്നിട്ടു

Isuzu Motors India rolls out 10,000th vehicle from its plant in SriCity

ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിലെ നിർമാണശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം 10,000 യൂണിറ്റ് പിന്നിട്ടെന്നു ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തെത്തിയ, അഡ്വഞ്ചർ യൂട്ടിലിറ്റി വെഹിക്ക്ൾ എന്ന് ഇസൂസു വിശേഷിപ്പിക്കുന്ന ‘ഡി മാക്സ് വി ക്രോസ്’ ആണ് ഉൽപ്പാദനം 10,000 യൂണിറ്റിലെത്തിച്ചതെന്നും കമ്പനി അറിയിച്ചു. 

യാത്രാവാഹന വിഭാഗത്തിൽ  ‘ഡി മാക്സ് വി ക്രോസി’നു പുറമെ ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എം യു — എക്സും’ ഇസൂസു ശ്രീസിറ്റിയിൽ നിർമിക്കുന്നുണ്ട്. വാണിജ്യ വാഹന വിഭാഗത്തിലാവട്ടെ ‘ഡി മാക്സി’ന്റെ എസ് കാബ്, റഗുലർ കാബ് വാഹനങ്ങളാണ് 2016 ഏപ്രിലിൽ ഉൽപ്പാദനം ആരംഭിച്ച ശാലയിൽ നിന്നു നിരത്തിലെത്തുന്നത്. ഇസൂസു മോട്ടോഴ്സ് ഇന്ത്യയുടെ മൊത്തം വിൽപ്പനയും കഴിഞ്ഞ മാർച്ചിൽ 10,000 യൂണിറ്റ് പിന്നിട്ടിരുന്നു. 2016ന്റെ തുടക്കം വരെ ചെന്നൈയ്ക്കടുത്തുള്ള ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ശാലയിൽ നിർമിച്ച വാഹനങ്ങൾ കൂടി ഉൾപ്പെടുന്ന വിൽപ്പന കണക്കാണിത്.

ശ്രീ സിറ്റി ശാലയുടെ ഉൽപ്പാദനം ആരംഭിച്ചതു തന്നെ ‘വി ക്രോസ്’ നിർമാണത്തോടെയായിരുന്നു. ആഭ്യന്തര വിപണിക്കൊപ്പം നേപ്പാളിലും ഭൂട്ടാനിലും ഇസൂസു ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ വിൽക്കുന്നുണ്ട്. ഉന്നത ഗുണമേന്മ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ‘ഇസൂസു മാനുഫാക്ചറിങ് മാനേജ്മെന്റ്’ സിദ്ധാന്തമാണു കമ്പനി ശ്രീ സിറ്റി ശാലയിലും പിന്തുടരുന്നത്.  ഇസൂസുവിന്റെ ഇന്ത്യയിലെ പ്രയാണത്തിലെ നിർണായക നാഴികക്കല്ലാണ് വാഹനങ്ങ ഉൽപ്പാദനം 10,000 യൂണിറ്റിലെത്തിയതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ നവോഹിരൊ യാമഗുചി അഭിപ്രായപ്പെട്ടു. ഇതൊരു തുടക്കം മാത്രമാണെന്നും ഉയർന്ന മൂല്യവും ഗുണമേന്മയുമുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം ഇസൂസു കർശനമായി പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.