5.5 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഫോഡ്

ഗീയർഷിഫ്റ്റ് തകരാറിന്റെ പേരിൽ യു എസിൽ അഞ്ചര ലക്ഷം കാർ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫോഡ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. ഗീയർഷിഫ്റ്റിലെ പിഴവിന്റെ ഫലമായി പാർക്ക് ചെയ്ത വാഹനങ്ങൾ അപ്രതീക്ഷിതമായി ഉരുണ്ടു നീങ്ങാനുള്ള സാധ്യതയാണ് അപകടകമാവുന്നത്. 

ഈ പിഴവിന്റെ പേരിൽ 2013 മുതൽ 2016 വരെ നിർമിച്ച ‘ഫ്യൂഷൻ’ സെഡാനുകളും 2013, 2014 വർഷങ്ങളിൽ നിർമിച്ച ചെറു എസ് യു വിയായ ‘എസ്കേപ്പു’മാണു നോർത്ത് അമേരിക്കയിൽ ഫോഡ് തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. 

ഷിഫ്റ്റർ കേബിളിനെ ട്രാൻസ്മിഷനുമായ ബന്ധിപ്പിക്കുന്ന ബുഷിങ് കൊഴിഞ്ഞു പോകാനുള്ള സാധ്യതയാണു കണ്ടെത്തിയതെന്നു ഫോഡ് വിശദീകരിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന പക്ഷം ഡ്രൈവർ ‘പാർക്കി’ലേക്കു ഷിഫ്റ്റ് ചെയ്ത വാഹനം യഥാർഥത്തിൽ മറ്റേതെങ്കിലും ഗീയറിലാവും. അങ്ങനെ സംവിച്ചിട്ടുണ്ടെങ്കിൽ വാഹനം ഉരുളാനും തുടർന്ന് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു. 

എന്നാൽ ബുഷിങ് തകരാറിനെ തുടർന്ന് അപകടങ്ങൾ സംഭവിച്ചതായോ ആർക്കെങ്കിലും  പരുക്കേറ്റതായോ അറിയില്ലെന്ന് ഫോഡ് വ്യക്തമാക്കുന്നു. എങ്കിലും ഇത്തരത്തിലുള്ള അപകടം ഒഴിവാക്കാൻ പാർക്കിങ് ബ്രേക്ക് ഉപയോഗിക്കണമെന്നും കമ്പനി നിർദേശിക്കുന്നു.

വാഹന പരിശോധനയ്ക്കിടെ തകാരാർ കണ്ടെത്തുന്ന പക്ഷം ഷിഫ്റ്റർ ബുഷിങ് സൗജന്യമായി മാറ്റി നൽകുമെന്നാണു ഫോഡിന്റെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ ഈ 30നകം വിവരം അറിയിക്കുമെന്നാണു ഫോഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബറിനുള്ളിൽ തന്നെ പരിശോധനയും പരിഹാര നടപടികളും പൂർത്തിയാക്കാനാവുമെന്നും ഫോഡ് കരുതുന്നു.