പ്രീമിയമായി ബജാജ് ചേതക് തിരിച്ചെത്തുന്നു

Chetak

ഹമാര ബാജാജ്, ഇന്ത്യ മുഴുവൻ ഒരേ സ്വരത്തിൽ ഏറ്റുപാടിയ പരസ്യ വാചകരമായിരുന്നു അത്. സ്കൂട്ടറുകൾ അരങ്ങുവാണിരുന്ന കാലത്ത് ബജാജ് ചേതക്കായിരുന്നു ഇന്ത്യയുടെ പ്രിയ വാഹനം. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് 1972 ൽ പുറത്തിറക്കിയ സ്കൂട്ടറിന് ഇന്ത്യയിലെ ജനപ്രിയ വാഹനമാകാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇടത്തരക്കാരുടെ പ്രിയ സ്കൂട്ടറായ ചേതക്ക് ലഭിക്കാൻ ബുക്കുചെയ്ത് വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയും അക്കാലത്തുണ്ടായിരുന്നു.

ഗിയറുള്ള സ്കൂട്ടറുകൾ മാറി കമ്യൂട്ടർ ബൈക്കുകളും ഗിയർലെസ് സ്കൂട്ടറുകളും കളം പിടിച്ചപ്പോൾ ബജാജും പതുക്കെ കളം മാറ്റി ചവിട്ടി. ചേതക്കിനെ ഉപേക്ഷിച്ച് പതിയ ബൈക്കുകളിലേയ്ക്ക്  കൂടുമാറി. പിന്നീട് ബൈക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ബജാജ്. ഇതിനിടയിൽ നീണ്ട 34 വർഷത്തെ സേവനം മതിയാക്കി 2006 ൽ ചേതക്ക് വിപണിയിൽ നിന്നും വിരമിച്ചു. വിപണിയിൽ നിന്ന് പിൻവലിക്കുമ്പോഴും ആരാധകർ നിരവധിയുണ്ടായിരുന്നു ചേതക്കിന്. ആ ആരാധനയും ഇഷ്ടവും പരിഗണിച്ചുകൊണ്ട് വിപണി പിടിക്കാൻ ബജാജ്, ചേതക്കുമായി തിരിച്ചെത്തുകയാണ്.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഴയകാല സ്റ്റൈലുമായി സ്കൂട്ടർ തിരിച്ചെത്തുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. സ്കൂട്ടർ സെഗ്മെന്റിലെ മികച്ച വളർച്ചയാണ് ബജാജിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. ആക്ടിവ അടക്കി വാഴുന്ന സ്കൂട്ടർ സെഗ്മെന്റിൽ മാറ്റങ്ങള്‍ വരുത്താൻ പ്രീമിയമായിട്ടാണ് ചേതക്ക് എത്തുക‍. 125 സിസി എൻജിനായിരിക്കും പുതിയ ചേതക്കിൽ.