എയർബാഗ് തകരാർ; സിഫ്റ്റിനും ഡിസയറിനും പരിശോധന

Dzire & Swift

എയർബാഗ് കൺട്രോള്‍ യൂണിറ്റിലെ തകരാർ സംശയത്തെ തുടർന്ന് മാരുതി സുസുക്കി സ്വിഫ്റ്റും ഡിസയറും തിരിച്ചുവിളിച്ച് പരിശോധിക്കുന്നു. 2018 മെയ് 7 മുതൽ ജൂലൈ 7 വരെ നിർമിച്ച  1279 വാഹനങ്ങളാണ് പരിശോധിക്കാനായി തിരിച്ചുവിളിക്കുന്നത്. ഇതിൽ 566 സ്വിഫ്റ്റും 713 ഡിസയറുമുണ്ട്. 

തകരാർ സംശയിക്കുന്ന കാറുകളുടെ ഉടമസ്ഥരെ ഇന്നു മുതൽ കമ്പനി നേരിട്ടുവിളിച്ച്  വിവരം അറിയിക്കും. തുടർന്ന് രാജ്യത്താകമാനമുള്ള മാരുതി സുസുക്കിയുടെ ഔദ്യോഗിക ഡീലർഷിപ്പ് വഴി ഇവ  പരിശോധിക്കുമെന്നും തകരാർ കണ്ടെത്തിയാൽ സൗജന്യമായി പരിഹരിച്ചു നൽകുമെന്നും പത്രക്കുറിപ്പിലൂടെ മാരുതി അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സജ്ജമാക്കിയ പ്രത്യേക മൈക്രോസൈറ്റ് സന്ദർശിച്ച്, വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) നൽകി, വാഹനത്തിന് പരിശോധന ആവശ്യമുണ്ടോ എന്നു കണ്ടെത്താൻ ഉടമസ്ഥർക്കും  അവസരമൊരുക്കിയിട്ടുണ്ട്.