ഇതു താൻഡാ പൊലീസ്...മരണത്തിൽ നിന്ന് യുവതിയെ വലിച്ചു കയറ്റിയത് ജീവിതത്തിലേക്ക്

Screengrab

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് വഴുതി വീഴുന്ന യുവതി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നിമിഷങ്ങൾ. കാഴ്ചക്കാരെല്ലാം മരവിച്ച് പോകുന്ന അവസ്ഥ. പക്ഷേ ആർപിഎഫിലെ കോൺറ്റബിളായ രാജ് കമൽ യാദവിന് ആ കാഴ്ച വെറുതേ കണ്ടു നിൽക്കാനായില്ല. സ്വന്തം ജീവൻ പണയം വെച്ച് അയാൾ ആ യുവതിയെ ജീവിത്തിലേക്ക് വലിച്ചു കയറ്റി.

മുംബൈയിലെ കജൂർമാർഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിലെ തിരക്കിൽ പിടിവിട്ട യുവതിയാണ് അപകടത്തിൽ പെട്ടത്. പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയിലൂടെ അടിയിലേക്ക് വഴുതി പോകാൻ തുടങ്ങിയപ്പോഴാണ് രാജ് കമൽ രക്ഷക്കെത്തിയത്. സ്റ്റേഷനിൽ ‍ഡ്യൂട്ടിയിലായിരുന്ന രാജ് കമൽ യുവതി വീഴുന്നത് കണ്ട് ഓടിയെത്തി. ട്രെയിനിൽ നിന്ന് പിടിവിട്ട് വീണ യുവതിയെ വലിച്ചുകൊണ്ട് ട്രെയിൻ മുന്നോട്ട് നീങ്ങവേ രാജ് കമൽ യുതിയുടെ കൈയിൽ പിടിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്കിടാൻ ശ്രമിച്ചു. ട്രയിനിൽ നിന്നും പിടിവിടാത്തതിനാൽ കുറച്ചു ദൂരം യുവതി പ്ലാറ്റ്ഫോമിൽ നിരങ്ങി നീങ്ങി. പൊലീസുകാരൻ പിടിവിടാതെ ഒപ്പം തുടർന്നു. ഒടുവിൽ രാജ് കമലും പിടിവിട്ട് പ്ലാറ്റ് ഫോമിൽ വീണു. തുടർന്ന് യാത്രക്കാർ ട്രെയിനിന് അടിയിലേയ്ക്ക് പോകാതെ യുവതിയെ രക്ഷിക്കുകയായിരുന്നു.

രാജ് കമലിന്റെ ധീരതയാണ് യുവതിയെ രക്ഷിച്ചതെന്നും അദ്ദേഹത്തെയോർത്ത് അഭിമാനമുണ്ടെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു. രക്ഷിക്കുന്ന വിഡിയോ അടക്കം മന്ത്രി ചെയ്ത ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് രാജ് കമൽ യാദവിന് നന്ദി പറഞ്ഞെത്തിയത്.