അങ്കം കുറിച്ച് ഹ്യുണ്ടേയ്‌യും ഡാറ്റ്സണും, മാരുതി ബ്രെസയെ തറപറ്റിക്കുമോ?

Brezza, Carlino, Go Cross

ചെറു എസ് യു വി വിപണിയിലെ രാജാവ് വിറ്റാര ബ്രെസയെ തറപറ്റിക്കാൻ ഹ്യുണ്ടേയ്‌യും ഡാറ്റ്സണും. 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലുകളായ കാർലിനോ, ഗോക്രോസ് എന്നിവയുടെ പ്രൊ‍ഡക്ഷൻ പതിപ്പുമായാണ് ഇരു വാഹന നിർമാതാക്കളും എത്തുക. ഫീച്ചറുകള്‍ നിറച്ച് മികച്ച സ്റ്റൈലുമായി കാർലിനോ എത്തുമ്പോൾ കുറഞ്ഞ വിലയും കിടിലൻ ലുക്കുമായിരിക്കും ഗോ ക്രോസിന്റെ സവിശേഷത.

ഗോ ക്രോസ്

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്‌യുവി സെഗ്മെന്റിൽ വിലകൊണ്ട് വിപ്ലവം സൃഷ്ടിക്കാനാണ് ഗോ ക്രോസ് എത്തുക. ഡാറ്റ്സണിന്റെ ഗോ പ്ലസ് ആധാരമാക്കി നിർമിക്കുന്ന ഗോ ക്രോസിന്റെ വില 6.5 ലക്ഷത്തിൽ ആരംഭിക്കും. ക്രോസ് ഓവർ വിപണിയിലേക്ക് ഡാറ്റ്സൺ പുറത്തിറക്കുന്ന ആദ്യമോഡലാണ് ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാമത്തെ മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ഗോ, ഗോ പ്ലസ് തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസിന്റേയും നിർമാണം.

Go Cross

സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുക. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തം. ഗോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ എന്‍ജിൻ തന്നെയാകും ഗോ ക്രോസിലും. 5000 ആർപിഎമ്മിൽ 64 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 140 എൻഎം ടോർക്കും നൽകും ഈ എൻജിൻ.

കാർലിനോ

ക്യുഎക്സ്ഐ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കാർലിനോ അടുത്ത വർഷം ആദ്യം വിപണിയിലെത്തും. നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവി വിഭാഗത്തിലെ മാർക്കറ്റ് ലീഡറാകാനാണ് കാർലിനോയിലൂടെ ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം രൂപയിൽ താഴെ വില ഒതുക്കേണ്ടതിനാൽ നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സിആർഡിഐ ഡീസൽ എൻജിനുകൾ തന്നെ ക്യുഎക്സ്ഐക്കും കരുത്തു പകരും. ഇവയുടെ കരുത്തു കൂട്ടിയ വകഭേദങ്ങളും ഇറക്കിയേക്കും.

Carlino

‌മാരുതി ബലേനൊ ആർഎസിലൂടെ ഇന്ത്യയിൽ അവതരിപ്പിച്ച ബുസ്റ്റർ ജെറ്റ് ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുള്ള എതിരാളിയായ 118 എച്ച്പി കരുത്തുള്ള 1 ലിറ്റർ പെട്രോൾ എൻജിനും ഹ്യുണ്ടേയ് ക്യുഎക്സ്ഐയിൽ പ്രതീക്ഷിക്കാം. കോൺസപ്റ്റ് മോഡലിനുള്ള അടുത്ത തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകാൻ ഹുണ്ടേയ് ശ്രമിച്ചാൽ വിപണിയിലെ മറ്റു വാഹനങ്ങൾ‌ക്ക് ഭീഷണിയായേക്കും. അ‍ഞ്ചു സീറ്റർ ചെറു എസ്‌യുവിക്ക് ഐ10ന്റേയും ഐ10 ഗ്രാൻഡിന്റേയും ഘടകങ്ങളുണ്ടാകും.