പ്രീമിയം വാഹനങ്ങൾക്കായി മഹീന്ദ്ര പ്രൈം സോൺ

XUV 500

പ്രീമിയം മോഡലുകൾക്കായി പ്രത്യേക ഷോറൂം ശൃംഖല സ്ഥാപിക്കുന്നതു പുതിയ കാര്യമല്ല; ‘നെക്സ’യിലൂടെ മാരുതി സുസുക്കി ഈ ശൈലി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ നിർമാതാക്കൾക്കും ഇതേ രീതി നേട്ടം സമ്മാനിക്കണമെന്നില്ല. അതുകൊണ്ടാവും യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പ്രീമിയം മോഡലുകൾക്കായി പ്രത്യേക ഷോറൂം എന്ന ആശയം പരിഗണിക്കാത്തത്. പകരം ഇത്തരം പ്രീമിയം വാഹനങ്ങൾക്കായി നിലവിലുള്ള ഡീലർഷിപ്പുകളിൽ പ്രത്യേക ‘പ്രൈം സോൺ’ തുറക്കാനാണു കമ്പനിയുടെ നീക്കം.

അടുത്തുതന്നെ അരങ്ങേറ്റം കുറിക്കുന്ന വിവിധോദ്ദേശ്യ വാഹനമായ ‘മരാസൊ’യാവും ‘പ്രൈം സോണി’ൽ ഇടംപിടിക്കുന്ന ആദ്യ മോഡൽ. പിന്നാലെ ‘ജി ഫോർ റെക്സ്റ്റ’ന്റെ മഹീന്ദ്ര പതിപ്പും  ‘എസ് 201’ എന്ന കോഡ്നാമത്തിൽ കമ്പനി വികസിപ്പിക്കുന്ന കോംപാക്ട് എസ് യു വിയുമൊക്കെ ഇതേ സോണിൽ വിൽപ്പനയ്ക്കെത്തും.പ്രീമിയം ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കായി ഓരോ ബ്രാൻഡും വേറിട്ട സമീപനമാണു പിന്തുടരുകയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം വിൽപ്പന, വിപണന മേധാവി വീജേ രാം നക്ര അഭിപ്രായപ്പെട്ടു. 

വിലയേറിയ മോഡലുകൾ വാങ്ങാനെത്തുന്നവർക്കു കൂടുതൽ മെച്ചപ്പെട്ടതും വേറിട്ടതുമായ അനുഭവം സമ്മാനിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കൂടുതൽ മൂലധനചെലവിൽ വേറിട്ട ഷോറൂം സ്ഥാപിക്കുന്നതിനു പകരം താരതമ്യേന പണച്ചെലവു കുറഞ്ഞ മാർഗമാണു മഹീന്ദ്ര തിരഞ്ഞെടുത്തത്. അതിനാലാണു നിലവിലുള്ള ഡീലർഷിപ്പുകളിൽ തന്നെ ‘പ്രൈം സോൺ’ തുറക്കുന്നതെന്നം അദ്ദേഹം വിശദീകരിച്ചു. 

വേറിട്ട നിറക്കൂട്ടിനും അലങ്കാരത്തിനുമൊപ്പം ‘പ്രൈം സോണി’ൽ ലൂഞ്ചും വെർച്വൽ റിയാലിറ്റി ഏരിയയുമൊക്കെ സജ്ജീകരിക്കാൻ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. ചില നിറങ്ങളും അക്സസറികളുമൊക്കെ കാറിന്റെ കാഴ്ചപ്പകിട്ടിൽ വരുത്തുന്ന മാറ്റം ദൃശ്യവൽക്കരിക്കുകയാണു വെർച്വൽ റിയാലിറ്റി ഏരിയയുടെ ദൗത്യം. ഒരേ ഷോറൂം വിഭജിക്കുമ്പോൾ ‘ബൊലേറൊ’യും ‘റെക്സ്റ്റ’ണും ഒരു കുടക്കീഴിൽ വിൽക്കപ്പെടുമെന്ന പ്രശ്നമുണ്ട്. എന്നാൽ പ്രീമിയം മോഡലുകൾ ഒരേ ദിവസം രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിക്കാമെന്ന നേട്ടവുമുണ്ട്. ‘നെക്സ’ ശൈലി പിന്തുടർന്നതിനാൽ തുടക്കത്തിൽ തിരഞ്ഞെടുത്ത നഗങ്ങളിൽ മാത്രമാണു മാരുതി സുസുക്കിക്ക് ‘എസ് ക്രോസ്’ വിൽക്കാനായത്. 

സ്പാനിഷിൽ സ്രാവ് എന്നർഥം വരുന്ന വാക്കിൽ നിന്നാണു മഹീന്ദ്ര പുത്തൻ വിവിധോദ്ദേശ്യ വാഹനത്തിനു  ‘മരാസൊ’ എന്ന പേരു കണ്ടെത്തിയത്. ഏഴും എട്ടും സീറ്റോടെ എത്തുന്ന ‘മരാസൊ’യിലൂടെ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനും അരങ്ങേറ്റം കുറിക്കുന്നുണ്ട്. മിക്കവാറും ദീപാവലിക്ക് ‘മരാസൊ’ അരങ്ങേറുമെന്നാണു സൂചന. ഇതോടൊപ്പം ‘എസ് 201’ എന്ന കോഡ് നാമമുള്ള കോംപാക്ട് എസ് യു വിയും വിൽപ്പനയ്ക്കെത്തിയേക്കും. വർഷാവസാനത്തോടെ ‘ജി ഫോർ റെക്സ്റ്റ’ന്റെ മഹീന്ദ്ര പതിപ്പും ഇന്ത്യയിലെത്താനിടയുണ്ട്.