2020ൽ 5,000 ബൈക്ക് വിൽക്കാൻ കാവസാക്കി ഇന്ത്യ

അടുത്ത രണ്ടു വർഷത്തിനകം ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പന മൂന്നിരട്ടിയായി ഉയർത്താനാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ കാവസാക്കി മോട്ടോഴ്സിനു പ്രതീക്ഷ. പ്രകടനക്ഷമതയേറിയ ബൈക്കുകളോടുള്ള ആഭിമുഖ്യം മുതലെടുത്ത് വാർഷിക വിൽപ്പന 5,000 യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ പദ്ധതി. ഒപ്പം ഇന്ത്യയിലെ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയെ കയറ്റുമതി കേന്ദ്രമാക്കാനാണും കാവസാക്കി ആലോചിക്കുന്നുണ്ട്. 2016ൽ 1,400 യൂണിറ്റായിരുന്നു ജപ്പാനിലെ കാവസാക്കി ഹെവി ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ കാവസാക്കി മോട്ടോഴ്സ് ഇന്ത്യയുടെ വിൽപ്പന. 

വിൽപ്പന വർധിപ്പിക്കാനായി ഇന്ത്യയിലെ ഡീലർഷിപ് ശൃംഖല വിപുലീകരിക്കാനും കാവസാക്കി തയാറെടുക്കുന്നുണ്ട്. നിലവിൽ 30 ഡീലർമാരാണു കമ്പനിക്ക് ഇന്ത്യയിലുള്ളത്. ഈ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡലുകൾ ലഭ്യമാക്കുന്ന സാഹചര്യത്തിൽ മികച്ച വിൽപ്പന നേടുക പ്രയാസമാവില്ലെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്സ് മേഖല മാനേജർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) പി സുശീൽ കുമാർ കരുതുന്നു. 2020 ആകുമ്പോഴേക്ക് വിൽപ്പന 5,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷ. എമേർജിങ് വിപണികൾക്കുള്ള കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാനും കാവസാക്കിക്കു പദ്ധതിയുണ്ട്.

പിന്നിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാനത്തോടെയുള്ള ‘നിൻജ 300’ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു; 2.98 ലക്ഷം രൂപയാണു ബൈക്കിന്റെ ഷോറൂം വില. ബജാജ് ഓട്ടോയുമായി വഴി പിരിഞ്ഞ പിന്നാലെയാണു കാവസാക്കി ചക്കനിൽ സ്വന്തം നിർമാണശാല സ്ഥാപിച്ചത്. നിലവിൽ ‘നിൻജ 300’, ‘650’, ‘സീ 250’, ‘വെർസിസ് — എക്സ് 300’, ‘വൾക്കൻ എസ്’, ‘നിൻജ 1000’, ‘സീ എക്സ് — 10 ആർ’, ‘സീ എക്സ് — 10 ആർ ആർ’ തുടങ്ങിയവയാണ് ഈ ശാലയിൽ അസംബ്ൾ ചെയ്യുന്നത്.