ചെന്നൈ ശാല: 2,000 കോടി മുടക്കാൻ സീയറ്റ്

ചെന്നൈയ്ക്കടുത്ത് പുതിയ നിർമാണശാല സ്ഥാപിക്കാൻ അടുത്ത അഞ്ചു വർഷത്തിനകം 2,000 കോടി രൂപ നിക്ഷേപിക്കാൻ പ്രമുഖ നിർമാതാക്കളായ സീയറ്റ്. ശാലയുടെ ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിക്കാനാണു സീയറ്റിന്റെ പദ്ധതി. ശാലയ്ക്കായി 163 ഏക്കർ ഭൂമി ഏറ്റെടുത്തതായി ആർ പി ജി ഗ്രൂപ്പിൽ പെട്ട സീയറ്റ് വ്യക്തമാക്കി. 

വരുന്ന മൂന്നു മുതൽഅഞ്ചു വർഷത്തിനിടെ 2,000 കോടി രൂപ ചെലവിൽ പുതിയ നിർമാണശാല സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നതെന്ന് 2017 — 18ലെ വാർഷിക റിപ്പോർട്ടിൽ സീയറ്റ് വിശദീകരിക്കുന്നു.  ശാലയുടെ ആദ്യഘട്ടത്തിന്റെ നിർമാണ ജോലികളാണു നിലവിൽ പുരോഗമിക്കുന്നത്. വരുന്ന 12 മാസത്തികം ശാലയിൽ ഉൽപ്പാദനം ആരംഭിക്കാനാവുമെന്നാണു സീയറ്റിന്റെ പ്രതീക്ഷ. കാറുകൾക്കുള്ള റേഡിയൽ ടയറുകളാവും സീയറ്റ് പുതിയ ശാലയിൽ ആദ്യം ഉൽപ്പാദിപ്പിക്കുക. തുടക്കത്തിൽ പ്രതിദിനം 250 ടണ്ണാവും ശാലയുടെ ഉൽപ്പാദന ശേഷി. കയറ്റുമതിക്കും ഈ ശാല പ്രയോജനപ്പെടുത്താനാണു സീയറ്റിന്റെ നീക്കം. നിലവിൽ നൂറോളം രാജ്യങ്ങളിലേക്കു സീയറ്റ് ടയർ കയറ്റുമതി ചെയ്യുന്നുണ്ട്. 

ഭാണ്ടൂപ്, മുംബൈ, നാസിക്, ഹാലോൾ, നാഗ്പൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ സീയറ്റിന്റെ ടയർ നിർമാണശാലകൾ പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഓഫ് ഹൈവേ ടയർ നിർമാണശാല കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ അംബേർനാഥിലും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.  സ്വന്തം ഉൽപ്പാദനത്തിനു പുറമെ പങ്കാളികളിൽ നിന്നു പുറംകരാർ വ്യവസ്ഥയിൽ സമാഹരിച്ച ടയറുകളും സീയറ്റ് വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. സംയുക്ത സംരംഭമായ സീയറ്റ് കെലാനി ഹോൾഡിങ്സ് കമ്പനി (പ്രൈവറ്റ്) വഴി ശ്രീലങ്കയിലും സീയറ്റിനു സാന്നിധ്യമുണ്ട്.