സുസുക്കി ബാറ്ററി ശാല വെല്ലുവിളിയല്ലെന്ന് എക്സൈഡ്

ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ ഗുജറാത്തിൽ സ്ഥാപിക്കുന്ന ലിതിയം അയോൺ ബാറ്ററി ശാല വെല്ലുവിളി ഉയർത്തുമെന്നു കരുതുന്നില്ലെന്നു രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി നിർമാതാക്കളായ എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ആഭ്യന്തര, രാജ്യാന്തര വിപണികൾ ലക്ഷ്യമിട്ടാണു സങ്കര ഇന്ധന കാറുകളിൽ ഉപയോഗിക്കാനുള്ള ലിതിയം അയോൺ ബാറ്ററി നിർമിക്കാൻ തോഷിബ കോർപറേഷനും ഡെൻസോയുമായി ചേർന്നു സുസുക്കി ഗുജറാത്തിൽ പുതിയ ശാല സ്ഥാപിക്കുന്നത്. 18 കോടി ഡോളർ(ഏകദേശം 1237.05 കോടി രൂപ) ചെലവിലാണു ജാപ്പനീസ് കമ്പനികൾ ചേർന്നു ഗുജറാത്തിൽ പുതിയ ബാറ്ററി നിർമാണശാല തുടങ്ങുന്നത്.

എന്നാൽ ഈ ശാല കാര്യമായ വെല്ലുവിളി ഉയർത്തില്ലെന്നാണു കൊൽക്കത്ത ആസ്ഥാനമായ എക്സൈഡ് ഇൻഡസ്ട്രീസിന്റെ പ്രതീക്ഷ. എൻജിനുകൾക്കുള്ള ബാറ്ററി നിർമിക്കാനാണു സുസുക്കിയുടെ നീക്കം; വാഹനത്തിന്റെ ബാറ്ററി ആവശ്യം സംബന്ധിച്ചിടത്തോളം ചെറിയ ഭാഗം മാത്രമാണിതെന്ന് എക്സൈഡ് വിശദീകരിക്കുന്നു. ഡോർ, വിൻഡോ തുടങ്ങിയവയുടെയൊക്കെ പ്രവർത്തനങ്ങൾക്കായി വാഹനങ്ങളിൽ തുടർന്നും ലെഡ് ആസിഡ് ബാറ്ററികൾ വേണ്ടിവരുമെന്നും എക്സൈഡ് വ്യക്തമാക്കുന്നു.

ലെഡ് ആസിഡ് ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോൾ ലിതിയം അയോൺ ബാറ്ററികൾക്കു വിലയുമേറെയാണ്. അതുകൊണ്ടുതന്നെ വാഹന വിലയുടെ കാര്യത്തിൽ കടുംപിടുത്തുമുള്ള വിപണിയായ ഇന്ത്യയിൽ ലിതിയം അയോൺ ബാറ്ററി ഉപയോഗത്തിനു പരിമിതിയുണ്ടെന്നും എക്സൈഡ് ഇൻഡസ്ട്രീസ് കരുതുന്നു. കാർ നിർമാണ മേഖലയിലെ പ്രധാന ബാറ്ററി ദാതാക്കളാണ് എക്സൈഡ് ഇൻഡസ്ട്രീസ്; കമ്പനിയുടെ വരുമാനത്തിൽ മൂന്നിലൊന്നും കാർ കമ്പനികൾക്കുള്ള ബാറ്ററി വിൽപ്പനയിൽ നിന്നാണു ലഭിക്കുന്നത്. കാർ, മോട്ടോർ സൈക്കിൾ വിഭാഗങ്ങളിലായി 4.20 കോടി ബാറ്ററിയാണ് എക്സൈഡിന്റെ വാർഷിക ഉൽപ്പാദനം. 

പോരെങ്കിൽ വൈദ്യുത വാഹനങ്ങൾക്കായി ലിതിയം അയോൺ ബാറ്ററി നിർമിക്കാൻ എക്സൈഡ് ഇൻഡസ്ട്രീസിനും ആലോചനയുണ്ട്. സ്വിസ് പങ്കാളിയുമായി സഹകരിച്ചാവും എക്സൈഡ് ഈ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുക.