യുവതിയുടെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ, ലൈസൻസ് റദ്ദാക്കും –വിഡിയോ

Screengrab

കുറവിലങ്ങാട് വൈക്കം റോഡിൽ മൂവാങ്കൽ ജംക്‌ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാറോടിച്ച കുറവിലങ്ങാട്, വഴുതനപ്പള്ളിൽ മെസി ഇഗ്നേഷ്യസിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ജാമ്യത്തിൽ വിട്ട‌യച്ചു. ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയതിന് ഇവരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികളാരംഭിച്ചു. എറണാകുളം പാലാരിവട്ടം നെടുങ്ങാടൻ അപ്പാർട്ട്മെന്റ്സ് ജ്യൂവൽ ഹോം ഫ്ലാറ്റ് ഡി ഒന്നിൽ ലാലു മാത്യുവിന്റെ മകനും കംപ്യൂട്ടർ ഹാർഡ് വെയർ മെക്കാനിക്കുമായ ബിപിൻ പി.മാത്യുവാണ് (30) അപകടത്തിൽ മരിച്ചത്. തിങ്കൾ ഉച്ചയ്ക്കായിരുന്നു അപകടം. കാറോടിച്ചയാളുടെ അശ്രദ്ധയാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.

സിസിടിവികളിൽ നിന്നു ലഭിച്ച വിഡിയോ ദൃശ്യങ്ങളിൽ നിയമലംഘനം വ്യക്തമാണ്. കാർ ഓടിച്ചിരുന്ന മെസിക്കൊപ്പം മൂന്നു കുട്ടികളും ഉണ്ടായിരുന്നു. കാർ മൂവാങ്കൽ ജംക്‌ഷനിൽ എത്തിയപ്പോൾ വലതു വശത്തേക്ക് അതിവേഗത്തിൽ തിരിച്ചു. ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കുകയോ സിഗ്നൽ കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണെന്നു പൊലീസ് പറഞ്ഞു. 

അപ്രതീക്ഷിതമായി തിരിഞ്ഞ കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് മുകളിലൂടെ റോഡിൽ വീണ ബിപിനെ അതുവഴി വന്ന പിക്ക് അപ് വാനിലാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഓടിക്കാൻ ഡ്രൈവറില്ലായിരുന്നു. തുടർന്നു സ്ഥലത്തുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ ആംബുലൻസ് ഓടിച്ച് ബിപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 

തിരിയുമ്പോൾ ഇൻഡിക്കേറ്ററിടാം

വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 

തിരിയുന്നതിന് തൊട്ടുമുമ്പല്ല ഇന്‍ഡികേറ്റര്‍ ഇടേണ്ടത്. സാധാരണ റോഡില്‍ ഏതെങ്കിലും വശത്തേക്ക് തിരിയുന്നതിന് ഏകദേശം 200 അടി മുമ്പ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ഹൈവേയിലാണെങ്കില്‍ ഏകദേശം 900 അടി മുമ്പ് വേണം. തിരിഞ്ഞശേഷം ഇന്‍ഡിക്കേറ്റര്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

ഹൈവേയില്‍ ലൈന്‍ മാറുമ്പോഴും ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോഴും ശരിയായ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യു ടേണ്‍ എടുക്കുമ്പോള്‍ 30 മീറ്റര്‍ മുമ്പെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുക. ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം. 

ലൈൻ മാറി ഓവർടേക്ക് ചെയ്യുമ്പോഴും ഇൻഡിക്കേറ്റർ ഉപയോഗിക്കുക. കൂടാതെ റൗണ്ട് എബൗ‍ട്ടിലും ഇൻഡിക്കേറ്റർ ഉപയോഗിക്കണം. ഒരിക്കലും ബ്രൈറ്റ് ലൈറ്റ് പ്രവർത്തിപ്പിച്ചുകൊണ്ട് ഇൻഡിക്കേറ്റർ ഇടരുത് കാരണം എതിരെ വരുന്ന വാഹനങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല. മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യും.