Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയോടു വിട പറയാൻ മാൻ ട്രക്സ്

man-india Man logo

ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മാൻ ട്രക്സ് ഇന്ത്യ പ്രവർത്തനം അവസാനിപ്പിക്കുന്നു. ആഗോളതലത്തിൽ പ്രീമിയം വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു മാൻ ട്രക്സ് ഇന്ത്യൻ വാണിജ്യ വാഹന വിപണിയോടു വിട പറയുന്നത്.  മധ്യപ്രദേശിലെ പീതംപൂരിലുള്ള നിർമാണശാല വിറ്റൊഴിയാനും മാൻ ട്രക്സ് ഇന്ത്യതീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ഓർഡർ ചെയ്തവർക്ക് ട്രക്കുകൾ നിർമിച്ചു നൽകേണ്ടതിനാൽ ഒക്ടോബർ വരെ ശാല പ്രവർത്തനം തുടരുമെന്നാണു സൂചന. 

പുണെയിലെ കോർപറേറ്റ് ഓഫിസിലെയും മേഖല ഓഫിസുകളിലെയും ജീവനക്കാർക്ക് കമ്പനി സ്വയം പിരിഞ്ഞു പോകാനുള്ള വോളന്ററി സെപ്പറേഷൻ സ്കീം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിർമാണശാലയിൽ ജോലി ചെയ്യുന്നവരുടെ ഭാവി സംബന്ധിച്ച് ഒക്ടോബറിൽ ഉൽപ്പാദന അവസാനിപ്പിക്കുന്ന ഘട്ടത്തിലാവും മാൻ ട്രക്സ് ഇന്ത്യ തീരുമാനമെടുക്കുക. കമ്പനിയിലുള്ള 250 — 300 ജീവനക്കാർ സ്വയം പിരിഞ്ഞു പോകാൻ സന്നദ്ധത പ്രകടിപ്പിക്കുമെന്നാണു പ്രതീക്ഷ. നിർമാണശാല വിൽപ്പന സംബന്ധിച്ചു ദാരണയിലെത്തിയശേഷമാവും പ്ലാന്റ് ജീവനക്കാരുടെ ഭാവി സംബന്ധിച്ചു വ്യക്തത കൈവരിക. 

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തിങ്കളാഴ്ചയാണു മാൻ ട്രക്സ് ഇന്ത്യ തീരുമാനിച്ചത്. പിറ്റേന്നു തന്നെ ഈ വിവരം കമ്പനി ഡീലർമാരെയും വെണ്ടർമാരെയും അറിയിക്കുകയും ചെയ്തു.  ഭാവിയിൽ ആഗോളതലത്തിലെ പദ്ധതികളെ പിന്തുണയ്ക്കാനുള്ള ഗവേഷണ, വികസന കേന്ദ്രമായിട്ടാവും മാൻ ട്രക്സ് ഇന്ത്യയുടെ പ്രവർത്തനമെന്നും കമ്പനി വ്യക്തമാക്കുന്നു. ലഭിച്ച ഓർഡറുകൾ പൂർത്തിയാക്കുന്ന മുറയ്ക്കു ‘സി എൽ എ’ ശ്രേണിയുടെ നിർമാണവും വിൽപ്പനയും കയറ്റുമതിയുമൊക്കെ അവസാനിപ്പിക്കാനാണു തീരുമാനം. ഇതോടൊപ്പം നിലവിലെ മാൻ ഉപയോക്താക്കൾക്ക് ആവശ്യമായ വിൽപ്പനാന്തര സേവനം ഉറപ്പാക്കാൻ സർവീസ് വിഭാഗം അഞ്ചു വർഷം കൂടി പ്രവർത്തനം തുടരുകയും ചെയ്യും. 

ഒന്നര പതിറ്റാണ്ടു മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച മാൻ ട്രക്സിന്റെ വാർഷിക ഉൽപ്പാദനം 2,000 യൂണിറ്റളമാണ്. ടിപ്പർ വിഭാഗത്തിൽ സാന്നിധ്യം ഉറപ്പിച്ച മാൻ കഴിഞ്ഞ വർഷം ഹോളേജ് ട്രക്കുകളും പുറത്തിറക്കിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മൊത്തത്തിലുള്ള വാഹന വിൽപ്പന ക്രമമായി ഇടിഞ്ഞതോടെയാണ് ഇന്ത്യയോടു വിട പറയാൻ മാൻ ട്രക്സ് തീരുമാനിച്ചതെന്നാണു സൂചന.