കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചുണ്ടായ അപകടം: സിസിടിവി വിഡിയോ

Screengrab

കൊല്ലം കൊട്ടിയം ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നിയന്ത്രണം വിട്ട് റോഡിന്റെ മറുഭാഗത്തേക്ക് കയറിയ കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നത്. അപകടത്തിൽ പതിനാലു പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. 

ദേശീയപാത അറുപത്തിയാറിൽ ഇത്തിക്കര പാലത്തിന് സമീപം പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി എക്സ്പ്രസ് ബസും എറണാകുളം ഭാഗത്തേക്ക് ചരക്കുമായി വന്ന ലോറിയുമാണ് അപകത്തിൽപ്പെട്ടത്. കെഎസ്ആർടിസി താമരശേരി ഡിപ്പോയിലെ ഡ്രൈവർ കള്ളിപ്പുറത്ത് വീട്ടിൽ അബ്ദുൽ അസീസ്, കണ്ടക്ടർ മൈക്കാവ് തെക്കേപുത്തൻപുരയ്ക്കൽ വീട്ടിൽ ടി.പി.സുബാഷ്, ലോറി ഡ്രൈവർ തമിഴ്നാട് ചെങ്കോട്ട സ്വദേശി ഗണേഷൻ എന്നിവരാണ് മരിച്ചത്. 

സ്റ്റിയറിങ്ങിന് പിന്നിലെ ഉറക്കം അപകടകരം

നിയന്ത്രം വിട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിലിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ വാഹനത്തിന്റെ തകരാറാണോ അപകടകാരണം എന്നു വ്യക്തമല്ല. നൈറ്റ് സർവീസ് ബസുകളിലെ ഡ്രൈവർമാർ ഉറങ്ങിപോയി നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്.  ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാല്‍ സാധിക്കുമെങ്കിൽ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ലഘുനിദ്ര ആവാം. അല്ലെങ്കിൽ വെള്ളമൊഴിച്ച് മുഖം നന്നായി കഴുകാം.