കാർ പൂളിങ് നടത്തി, ആർടിഒ കാർ പിടിച്ചെടുത്തു

Representative Image

കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്ക്കാനും ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനുമാണ് കാർ പൂളിങ് സംവിധാനങ്ങൾ. ഒരേ റൂട്ടിലേക്ക് പോകുന്ന ആളുകള്‍ ഒരു കാറിൽ അടിച്ചുപൊളിച്ചു പോകുന്നു. ഇതിനായി നിരവധി ആപ്പുകളുമുണ്ട്. മെട്രോ നഗരങ്ങളിൽ ഈ സംവിധാനങ്ങൾ പലരും ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. ഇതിനെ ദുരുപയോഗം ചെയ്യുന്നവരും കുറവല്ല. അത്തരത്തിൽ പണം വാങ്ങി കാർ പൂളിങ് നടത്തിയൊരു കാർ പിടിച്ചെടുത്തിരിക്കുന്നു ബംഗ്ലുളൂരു ആർടിഒ.

ബംഗ്ലുളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന കാർ പൂളിങ് ആപ്പിലെ അന്വേഷണമാണ് ഉടമയെ കുടുക്കിയത്. മോട്ടർവാഹന ഉദ്യോഗസ്ഥർ കാർ ഉടമയുമായി ബന്ധപ്പെടുകയും 1600 രൂപയ്ക്ക് യാത്ര ഉറപ്പിക്കുകയും ചെയ്തു. സഹയാത്രികനുവേണ്ടി എത്തിയ തെലുങ്കാന റജിസ്ട്രേഷനുള്ള കാർ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. പ്രൈവറ്റ് വാഹനം റജിസ്ട്രേഷൻ ഉപാധികൾ മറികടന്ന് കൊമേഷ്യൽ ആവശ്യത്തിനായി ഉപയോഗിച്ചു എന്ന വകുപ്പു ചുമത്തിയാണ് വാഹനം പിടിച്ചെടുത്തത്. പിന്നീട് 2000 രൂപ പിഴ ചുമത്തി വാഹനം വിട്ടു നൽകി.

ജോലിയുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയതായിരുന്നു യുവാവ്. തിരിച്ചു ഹൈദരാബാദിലേയ്ക്കുള്ള യാത്രയിലാണ് കാർ പൂൾ പരീക്ഷിക്കാൻ ശ്രമിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്ക് റജിസ്റ്റർ ചെയ്യുന്ന വാഹനത്തിൽ പണം വാങ്ങി ആളുകളെ കയറ്റാൻ സാധിക്കില്ല. ഇത്തരത്തിലുള്ള കാർ പൂളിങ്ങുകൾ നിയമ ലംഘനമാണ്.