വാഹന മോഷ്ടാക്കൾക്ക് ജീപ്പിലെത്തിയ സ്ത്രീ കൊടുത്ത പണി–വിഡിയോ

Screengarb

തോക്കു ചൂണ്ടി വാഹനം മോഷ്ടിക്കാനെത്തിയ യുവാക്കൾക്ക് ഒരു സ്ത്രീ തന്റെ ജീപ്പ് ചെറോക്കി ഉപയോഗിച്ച് കൊടുത്ത മറുപടിയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. മകളുമായി ജീപ്പ് ചെറോക്കിയിൽ വീട്ടിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ സ്ത്രീയുടെ വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾക്കാണ് എട്ടിന്റെ പണി കിട്ടിയത്.

യുവതിയുടെ പുറകെ വാനിൽ വീട്ടിലേക്ക് കയറിയ മൂന്നു യുവാക്കൾ ഇവരോട് വാഹനത്തിൽ നിന്നു ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാഹനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ പിടിച്ചു നിൽക്കാൻ യുവതി ജീപ്പ് വേഗത്തിൽ പുറകോട്ടെടുത്ത് വാൻ ഇടിച്ചു തെറിപ്പിച്ചു. മോഷ്ടാക്കൾ വാഹനത്തെ ഇടിപ്പിക്കുന്നത് തടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. ഗേറ്റിനു പുറത്തെത്തിയ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി വീണ്ടും വാഹനം ഇടിച്ചു തെറിപ്പിച്ചു. വേറെ മാർഗമില്ലാതെ വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

ജീപ്പിന്റെ ലക്ഷ്വറി എസ് യു വികളിലൊന്നാണ് ഗ്രാൻഡ് ചെറോക്കി. 3.0 ലീറ്റർ ഡീസൽ, 3.6 ലീറ്റർ പെട്രോൾ എൻജിനുകളിൽ വിൽപ്പനയിലുള്ള ഗ്രാൻഡ് ചെറോക്കിയുടെ എക്സ്ഷോറും വില ആരംഭിക്കുന്നത് 78 ലക്ഷം മുതലാണ്.