Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലേറിയോയെ ഉന്നം വെച്ച് പുതിയ സാൻട്രോ

hyundai-ah2 Hyundai AH2

ഹ്യുണ്ടേയ്‌യെ ഇന്ത്യയിലെ ജനകീയ ബ്രാൻഡാക്കിയ സാൻട്രോ വീണ്ടുമെത്തുമ്പോൾ പ്രധാനമായും മത്സരിക്കുക മാരുതി സെലേറിയോയോട്. അടുത്ത മാസം അവസാനം പുറത്തിറങ്ങുന്ന സാൻട്രോ, ചെറു കാറിൽ സെഗ്മെന്റിൽ ഒന്നാമനാവും എന്നാണ് ഹ്യുണ്ടേയ് പ്രതീക്ഷിക്കുന്നത്. എൻട്രി ലവൽ ഹാച്ച്ബാക്കായ ഇയോണിന്റെ പിൻഗാമിയായി എഎച്ച് ടു എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന കാർ ഏറെക്കാലമായി പരീക്ഷണഘട്ടത്തിലാണ്. ഹ്യുണ്ടേയ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ മോഡലായ ‘സാൻട്രോ’യെ പോലെ ടോൾ ബോയ് രൂപകൽപ്പനാ ശൈലിയാണ് എ എച്ച് ടുവിലും കമ്പനി പിന്തുടരുക.

കാറിനു കരുത്തേകുന്നതും ‘സാൻട്രോ സിങ്ങി’ലെ 1.1 ലീറ്റർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാവും. സാൻട്രോ സിങ്ങിൽ ഈ എൻജിൻ പരമാവധി 65 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിച്ചിരുന്നത്. ‍ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതമെത്തുന്ന ആദ്യ ഹ്യുണ്ടേയ് മോഡൽ എന്നതാവും പുത്തൻ ഹാച്ച്ബാക്കിന്റെ സവിശേഷത. കൂടാതെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും കാറിലുണ്ടാവും.

സാധാരണ ഹ്യുണ്ടേയ് കാറുകളിലെ പോലെ ഉയർന്ന ഗുണനിലവാരമുള്ള സാധനസാമഗ്രികൾ ഉപയോഗിച്ച് മികച്ചരീതിയിൽ രൂപകൽപ്പന ചെയ്ത അകത്തളവും ‘എ എച്ച് ടു’വിൽ പ്രതീക്ഷിക്കാം. ഡാഷിൽ ഘടിപ്പിച്ച ഗീയർ ലീവറോടെ എത്തുന്ന കാറിന്റെ മുന്തിയ വകഭേദങ്ങളിൽ 7 ഇ‍ഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഇടംപിടിക്കും. കൂടാതെ പിന്നിലെ യാത്രക്കാർക്കും എസ് വെന്റുകൾ നൽകുന്ന സെഗ്‍‌മെന്റിലെ ആദ്യ കാറും സാൻട്രോ തന്നെയാകും.

എ എച്ച് ടു എത്തുന്നതോടെ ഇയോണിനെ ഇന്ത്യൻ വിപണിയിൽ നിന്നു ഹ്യുണ്ടേയ് പിൻവലിച്ചേക്കും. പക്ഷേ ഇയോണിനെ അപേക്ഷിച്ചു പ്രീമിയം വില നിലവാരത്തിലാവും ഈ ഹാച്ച്ബാക്ക് എത്തുകയെന്നും ഏറെക്കുറെ ഉറപ്പാണ്. മാരുതി സുസുക്കി സെലേറിയൊ കൂടാതെ ടാറ്റ ടിയാഗോയോടും ഹ്യുണ്ടേയിയുടെ പുതിയ ഹാച്ച്ബാക്ക് ഏറ്റുമുട്ടും.