ഇന്ത്യൻ മിലിറ്ററിക്കായുള്ള ടാറ്റയുടെ പുലിക്കുട്ടികൾ

Tata 4X4-Mine-Protected-Vehicle-(MPV)

ഇന്ത്യൻ സൈന്യത്തിനായി നിർമിക്കുന്ന രണ്ടു വാഹനങ്ങൾ പ്രദർശിപ്പിച്ച് ടാറ്റ. പുനെയിൽ നടന്ന ബിംസ്റ്റെക് നാഷൻസ് സമ്മിറ്റ് 2018ലാണ് 4x4 മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ (എംപിവി), ഡിആർഡിഒയുമായി സഹകരിച്ച് വികസിപ്പിച്ച WhAp8X8 ഐസിവി എന്നീ വാഹനങ്ങൾ‌ ടാറ്റ പ്രദർശിപ്പിച്ചത്. 

ബിംസ്റ്റെക് നാഷൻസുമായി അടുത്തിടെ ടാറ്റ മോട്ടോഴ്സ് സൈനിക വാഹനങ്ങളുടെ വിതരണത്തിനുള്ള സുപ്രധാന കരാറിലൊപ്പിട്ടിരുന്നു. മ്യാൻമറിനു വേണ്ടി ടാറ്റ സെനോൺ GS 800, യൂണിഫിൽ, മൊനുസ്കോ, മാലി ദൗത്യത്തിനായി ടാറ്റ മൈൻ പ്രൊട്ടക്ടഡ് വാഹനങ്ങൾ, മ്യാൻമറിനും തായ്‍‌ലൻഡിനും വേണ്ടി ടാറ്റ 2.5T GS LPTA 715 4X4, നേപ്പാളിനു വേണ്ടി ടാറ്റ 5T GS LPTA 1628 4X4, ഇൗ രാജ്യങ്ങളുടെ യുഎൻ സമാധാന സംരക്ഷണത്തിനായുള്ള ലോജിസ്റ്റിക് വാഹനങ്ങൾ എന്നിവയും ഇതിലുൾപ്പെടുന്നു.

ഇന്ത്യയിലെയും വിദേശത്തെയും സുരക്ഷാ സേനയുടെ പ്രത്യാക്രമങ്ങൾക്കും മറ്റു സൈനിക പ്രവർത്തനങ്ങൾക്കും ആവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിനുള്ള യഥാർഥ തദ്ദേശീയ വൈദഗ്ധ്യത്തിന് തെളിവാണ് പ്രദർശനത്തിലുള്ള ടാറ്റ 4X4 മൈൻ പ്രൊട്ടക്ടഡ് വെഹിക്കിളും (എംപിവി), WhAp8X8 ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുമെന്നുമാണ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് ഡിഫൻസ് & ഗവൺമെന്റ് ബിസിനസ് വൈസ് പ്രസിഡന്റ് വെർനോൺ നൊറോണ വാഹനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പറഞ്ഞത്.

Tata WhAP8x8 (Wheeled Armoured Amphibious Platform)

ഇന്ത്യയിലെ ആദ്യത്തെ ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളാണ് WhAp8X8 (വീൽഡ് ആർമേഡ് ആംഫീബിയസ് പ്ലാറ്റ്ഫോം). ഏതു പ്രതലത്തേയും അതിജീവിക്കാനുള്ള ശേഷി, എല്ലാ ഭൂപ്രദേശങ്ങളിലുമുള്ള മികച്ച പെർഫോമൻസ് എന്നിവ നൽകും വിധമാണ് വാഹനത്തിന്റെ രൂപകൽപ്പന. ബ്ലാസ്റ്റ് സംരക്ഷണം, ബാലിസ്റ്റിക് സംരക്ഷണം, എൻബിസി സംരക്ഷണം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുള്ള വാഹനമാണ് WhAp8X8. 

കൂടാതെ കുറഞ്ഞ മെയ്ന്റനൻസ് ചെലവും 10+2 സീറ്റീംഗ് കപ്പാസിറ്റിയുമുള്ള WhAp8X8 ആർമേഡ് ഫൈറ്റിംഗ് വെഹിക്കിൾസ്, സിബിആർഎൻ വെഹിക്കിൾ, റെസ്ക്യൂ & സപ്പോർട്ട് വെഹിക്കിൾ, മെഡിക്കൽ ഇവാക്കുവേഷൻ വെഹിക്കിൾ, മോർട്ടാർ കാരിയർ, കമാൻഡേഴ്സ് വെഹിക്കിൾ, ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വെഹിക്കിൾ തുടങ്ങിയ വ്യത്യസ്ത വേരിയന്റുകളിലും ഈ വാഹനമെത്തുന്നു.

സൈനികരെ സുരക്ഷിതമായി വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മൈൻ-പ്രൂഫ് വാഹനമാണ് ടാറ്റ 4x4 മൈൻ പ്രൊട്ടക്ടഡ് വെഹിക്കിൾ. പെട്ടന്നുള്ള സേനാ വിന്യാസത്തിനും എസ്കോർട്ട് വാഹനമായും ഇവയെ ഉപയോഗിക്കാം. മികച്ച ഗ്രൗണ്ട് ക്ലിയറൻസ്, അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് വേഗം കൈവരിക്കുന്നതിനായി കരുത്തുള്ള എൻജിനാണ് ഉപയോഗിക്കുന്നത്.