മരാസോ സൂപ്പർ ഹിറ്റ്, ഇന്നോവയുടെ വിപണി പിടിക്കുമോ?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള ആദ്യ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യ്ക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പ്. പുതിയ ‘മരാസൊ’ സ്വന്തമാക്കാൻ നാലു മുതൽ ആറാഴ്ച വരെയാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. എം പി വിയുടെ മുന്തിയ വകഭേദമായ ‘എം എയ്റ്റ്’ ആണ് നാലാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തമാവുക; താഴ്ന്ന പതിപ്പുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് ഇതിലുമേറെയാണ്.

Marazzo

നാസിക് ശാലയിലാണ് മഹീന്ദ്ര ‘മരാസൊ’ നിർമിക്കുന്നത്. മുന്തിയ വകഭേദമായ ‘എം എയ്റ്റി’നാണ് ആവശ്യക്കാരേറെയെന്നാണു കമ്പനിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പോരെങ്കിൽ ‘എക്സ് യു വി 500’, ‘ടി യു വി 300’ തുടങ്ങിയ മോഡലുകൾ തേടിയെത്തുന്നവരും ‘മരാസൊ’യുടെ അഴകിൽ ആകൃഷ്ടരായി തീരുമാനം മാറ്റുന്നുണ്ടത്രെ. 9.99 ലക്ഷം രൂപ മുതലാണു ‘മരാസൊ’ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില ആരംഭിക്കുന്നത്. 

Marazzo

മിചിഗനിലെ നോർത്ത് അമേരിക്കൻ ക്നിക്കൽ സെന്റർ ആണു മഹീന്ദ്രയുടെ ‘മരാസൊ’ സാക്ഷാത്കരിച്ചത്; അതുകൊണ്ടുതന്നെ ആഗോള വിപണി ലക്ഷ്യമിട്ടാണു മഹീന്ദ്ര എം പി വിയുടെ വരവ്. അടുത്ത വർഷത്തോടെ വിവിധ വിദേശ രാജ്യങ്ങളിൽ ‘മരാസൊ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. നിലവിൽ വൻ നഗരങ്ങളിൽ മാത്രമാണു ‘മരാസൊ’ വിൽപ്പനയ്ക്കെത്തുന്നത്; ക്രമേണ എം പി വിയുടെ വിപണനം രാജ്യവ്യാപകമാക്കാനാണു മഹീന്ദ്രയുടെ തയാറെടുപ്പ്. ഇതിനായി ‘മരാസൊ’ ഉൽപ്പാദനം ഉയർത്താനും കമ്പനി ഒരുങ്ങുന്നുണ്ട്. 

Marazzo

പുതിയ എം പി വിയിലൂടെ പുതിയ എൻജിനും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു: 1.5 ലീറ്റർ, നാലു സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണു ‘മരാസൊ’യിലൂടെ അരങ്ങേറിയത്. 121 ബി എച്ച് പിയോളം കരുത്തും 300 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘മരാസൊ’യുടെ ട്രാൻസ്മിഷൻ ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. 2020 ആകുമ്പോഴേക്ക് പെട്രോൾ എൻജിനുള്ള ‘മരാസൊ’ വിൽപ്പനയ്ക്കെത്തിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. പോരെങ്കിൽ ആ ഘട്ടത്തിൽ മാനുവലിനു പുറമെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ‘മരാസൊ’ വിപണിയിലെത്തിക്കാൻ നിർമാതാക്കൾ ആലോചിക്കുന്നുണ്ട്.