Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എത്തിയോസി’ന്റെ മൊത്തം വിൽപ്പന 4 ലക്ഷം കവിഞ്ഞു

toyota-etios

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ ‘എത്തിയോസ്’ ശ്രേണിയുടെ ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം വിൽപ്പന നാലു ലക്ഷം യൂണിറ്റ് പിന്നിട്ടു. സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘ലിവ’യും പിന്നെ ക്രോസോവർ വകഭേദവും ചേരുന്നതാണ് ‘എത്തിയോസ്’ ശ്രേണി. 2010 ഡിസംബറിൽ ഇന്ത്യയിൽ അരങ്ങേറിയ ‘എത്തിയോസ്’ എട്ടു വർഷത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.

പോരെങ്കിൽ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 10% വിൽപ്പന വളർച്ച കൈവരിക്കാനും ‘എത്തിയോസി’നു സാധിച്ചെന്നാണു ടി കെ എമ്മിന്റെ കണക്ക്. ആഭ്യന്തര വിപണിയിൽ ഇതുവരെ 4,06,857 ‘എത്തിയോസ’ മോഡലുകൾ വിറ്റെന്നാണു കമ്പനി കണക്കാക്കുന്നത്. ഇതിൽ 2,47,608 ആണ് സെഡാന്റെ വിഹിതം(അതിൽ തന്നെ 74,813 പെട്രോളും 1,72,795 ഡീസലുമുണ്ട്). ഹാച്ച്ബാക്ക് പതിപ്പായ ‘ലിവ’യുടെ ഇതുവരെയുള്ള വിൽപ്പന 1,59,249 യൂണിറ്റാണ്(പെട്രോൾ എൻജിനുള്ളവ 56,176; ഡീസൽ 1,03,073). ചുരുക്കത്തിൽ ‘എത്തിയോസ്’ ഇന്ത്യയിൽ നേടിയ വിൽപ്പനയിൽ67 ശതമാനത്തോളം ഡീസൽ എൻജിനുള്ള മോഡലുകളുടെ സംഭാവനയാണ്.

സുരക്ഷാ കാര്യത്തിൽ പുതിയ നിലവാരം കൈവരിച്ച ‘എത്തിയോസി’ൽ തുടർച്ചയായ പരിഷ്കാരങ്ങളും പുതുമകളും ടി കെ എം നടപ്പാക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ഇതാദ്യമായി മോഡൽ ഭേദമില്ലാതെ ഇരട്ട എസ് ആർ എസ് എയർബാഗും എ ബി എസും ഇ ബി ഡിയുമൊക്കെ ഇടംപിടിച്ചത് ‘എത്തിയോസി’ലായിരുന്നു. മുന്നിൽ പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററുമുള്ള സീറ്റ്ബെൽറ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ലോക്ക് തുടങ്ങിയവയും ‘എത്തിയോസി’ന്റെ എല്ലാ പതിപ്പിലും ലഭ്യമാണ്.