രൂപകൽപ്പന ഇന്ത്യയിൽ; ഇലക്ട്രിക് ക്വിഡ് ചൈനയിലേക്ക്

Kwid Electric Concept

ഫ്രഞ്ച് നിർമാതാക്കളായ റെനോയിൽ നിന്നുള്ള വില കുറഞ്ഞ വൈദ്യുത കാറായ ‘ക്വിഡ് ഇ വി’ ഒരു വർഷത്തിനകം ചൈനീസ് നിരത്തിലെത്തും. ചെന്നൈയിലെ ടെക്നിക്കൽ സെന്ററിലാവും കാറിന്റെ രൂപകൽപ്പനയെന്നും റെനോ വെളിപ്പെടുത്തി. അതേസമയം നയപരമായ കാര്യങ്ങളിൽ വ്യക്തതയ്ക്കായി കാത്തിരിക്കുന്നതിനാൽ ‘ക്വിഡ് ഇ വി’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്താൻ വൈകുമെന്നാണു സൂചന. ഇന്ത്യയിൽ വൈദ്യുത കാർ എപ്പോഴാവും വിൽപ്പനയ്ക്കെത്തുകയെന്നതു സംബന്ധിച്ച സമയക്രമമൊന്നും പങ്കുവയ്ക്കാൻ റെനോ — നിസ്സാൻ — മിറ്റ്സുബിഷി സഖ്യത്തിന്റെ ആഗോള ചെയർമാൻ കാർലോസ് ഘോസ്ൻ സന്നദ്ധനുമായില്ല. 

‘കോമൺ മൊഡ്യൂൾ ഫാമിലി — എ’ അഥവാ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് ഈ ചെറുകാറിന്റെ രൂപകൽപ്പന; ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമിന്റെ ആസ്ഥാനമാവട്ടെ ഇന്ത്യയും. ചെന്നൈയിൽ രൂപകൽപ്പന പൂർത്തിയാവുന്ന കാറിന്റെ പവർ ട്രെയ്ൻ സംയോജനം ചൈനീസ് വിദഗ്ധരാവും നിർവഹിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ‘ക്വിഡ് ഇ വി’ 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ വാഗ്ദാനം.

ഇന്ത്യയിൽ വിൽക്കുന്ന ‘ക്വിഡി’നെ അപേക്ഷിച്ചു സമൂലമായ മാറ്റങ്ങളോടെയാണു ചൈനയ്ക്കുള്ള ‘ക്വിഡ് ഇ വി’യുടെ വരവ്. ആ രാജ്യത്തു നിലവിലുള്ള കർശന ക്രാഷ് ടെസ്റ്റ് നിബന്ധനകൾ മുൻനിർത്തി കാറിന്റെ ബോഡി ഫ്രെയിമും ഷാസിയുമൊക്കെ ദൃഢമാക്കിയിട്ടുണ്ട്. ഇന്ത്യ വിപണന സാധ്യതയേറിയ രാജ്യമാമെന്നു ഘോസ്ൻ വ്യക്തമാക്കുന്നു; 2022ലേക്കുള്ള ഇടക്കാല പദ്ധതിയിൽ റെനോ ഇന്ത്യയ്ക്കു കാര്യമായ പരിഗണനയും നൽകുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ വ്യാപനം സംബന്ധിച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിൽ കമ്പനിക്കു വിശ്വാസമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ നിലവിലുള്ള സാഹചര്യം പരിഗണിക്കുമ്പോൾ ചൈനയാണു വലിയ വിപണിയെന്നും ഘോസ്ൻ വ്യക്തമാക്കി.

ബിസിനസ് സ്ഥാപനമെന്ന നിലയിൽ കമ്പനിയുടെ തീരുമാനങ്ങളെ നയിക്കുന്നതു കണക്കുകളാണ്; ചൈനയിൽ പ്രതിവർഷം 2.7 കോടി കാർ വിൽക്കുമ്പോൾ ഇന്ത്യയിലെ വിൽപ്പന 40 ലക്ഷം മാത്രമാണ്. ഈ പശ്ചാത്തലത്തിൽ വൈദ്യുത വാഹന വിൽപ്പന പരിഗണിക്കുമ്പോൾ ചൈനയാണു വലിയ വിപണിയെന്നു ഘോസ്ൻ വിശദീകരിച്ചു.