വിൽപ്പന 7.69 ലക്ഷം; ലോക റെക്കോഡോടെ ഹീറോ

Hero Xtreme 200 R

സെപ്റ്റംബറിലെ വിൽപ്പന കണക്കെടുപ്പിൽ റെക്കോഡ് തിളക്കത്തോടെ ഹീറോ മോട്ടോ കോർപ്. കഴിഞ്ഞ മാസം 7,69,138 യൂണിറ്റ് വിൽപ്പനയാണു ഹീറോ മോട്ടോ കോർപ് കൈവരിച്ചത്; പ്രതിമാസ വിൽപ്പനയിൽ പുതിയ ചരിത്രമാണ് ഇതോടെ കമ്പനി സൃഷ്ടിച്ചത്. പോരെങ്കിൽ പ്രതിമാസ വിൽപ്പനയിൽ 7.50 ലക്ഷം യൂണിറ്റ് എന്ന നേട്ടം ആഗോളതലത്തിൽ തന്നെ കൈവരിക്കുന്ന ആദ്യ ഇരുചക്രവാഹന നിർമാതാവുമായി ഹീറോ മോട്ടോ കോർപ് മാറി.

ഇത് അഞ്ചാം തവണയാണു ഹീറോ മോട്ടോ കോർപിന്റെ പ്രതിമാസ വിൽപ്പന ഏഴു ലക്ഷം യൂണിറ്റിനു മുകളിലെത്തുന്നത്. നടപ്പു സാമ്പത്തിക വർഷം തന്നെ മൂന്നു പ്രാവശ്യം ഈ നേട്ടം ആവർത്തിക്കാൻ കമ്പനിക്കു സാധിച്ചു.

ഇരുചക്രവാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി അഞ്ചു വർഷമാക്കാനുള്ള ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിട്ടി(ഐ ആർ ഡി എ)യുടെ തീരുമാനത്തെ തുടർന്ന് ഇരുചക്രവാഹന ഇൻഷുറൻസ് പ്രീമിയത്തിൽ കാര്യമായ വർധന നേരിട്ട മാസമായിരുന്നു സെപ്റ്റംബർ. ഈ പ്രതികൂല സാഹചര്യത്തെ അതിജീവിച്ചും റെക്കോഡ് വിൽപ്പന സ്വന്തമാക്കാനായത് ഹീറോയുടെ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 42 ലക്ഷം യൂണിറ്റ് വിൽപ്പനയാണു ഹീറോ മോട്ടോ കോർപ് കൈവരിച്ചത്. ദീപാവലി, നവരാത്രി ഉത്സവകാലം കൂടിയാവുന്നതോടെ വരുംനാളുകളിൽ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. പോരെങ്കിൽ 125 സി സി എൻജിനോടെ രണ്ടു പുത്തൻ സ്കൂട്ടറുകൾ അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്; ഉത്സവകാലം കൊഴുപ്പിക്കാൻ ‘മാസ്ട്രോ എജ്ഡ് 125’, ‘ഡെസ്റ്റിനി 125’ എന്നിവയാണു ഹീറോ പടയ്ക്കിറക്കുക.