വാഗൺആർ ഇലക്ട്രിക് പരീക്ഷണയോട്ടം, 2020 മാരുതിയുടെ ആദ്യ ഇവി

Wagon R Electric

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഇന്ത്യയിൽ വൈദ്യുത കാറുകളുടെ പരീക്ഷണ ഓട്ടത്തിനു തുടക്കമിടുന്നു. ഗുരുഗ്രാം നിർമാണശാലയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) സി വി രാമനാണു വൈദ്യുത വാഹന മാതൃകകളുടെ രാജ്യവ്യാപക പരീക്ഷണ ഓട്ടത്തിനു തുടക്കം കുറിച്ചത്.

Wagon R Electric

നിലവിലുള്ള മോഡലുകൾ അടിസ്ഥാനമാക്കിയാണു മാരുതി സുസുക്കി പരീക്ഷണ ഓട്ടത്തിനുള്ള വൈദ്യുത വാഹന മാതൃകകൾ വികസിപ്പിച്ചത്; മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനാണു മാതൃകകൾ യാഥാർഥ്യമാക്കിയത്.വൈദ്യുത വാഹനങ്ങളുടെ വിപുലമായ പരീക്ഷണ ഓട്ടം സംഘടിപ്പിക്കുമെന്നു കഴിഞ്ഞ സെപ്റ്റംബറിലാണു മാരുതി സുസുക്കി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 50 കാറുകളാണു രാജ്യവ്യാപകമായി പരീക്ഷണ ഓട്ടത്തിനെത്തുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

സുസുക്കി മോട്ടോർ കോർപറേഷൻ വികസിപ്പിച്ച വൈദ്യുത കാറുകൾ ഗുരുഗ്രാമിലെ ശാലയിലാണു മാരുതി സുസുക്കി നിർമിച്ചത്. വ്യത്യസ്തമായ സാഹചര്യങ്ങളിലും കാലാവസ്ഥകളിലും ഈ കാറുകൾ ഉപയോഗിച്ചു പരീക്ഷണ ഓട്ടം നടത്തി ഇന്ത്യയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കാനാണു പദ്ധതിയെന്നും മാരുതി സുസുക്കി വിശദീകരിച്ചു.