മഹീന്ദ്രയുടെ എസ് യു വികൾ ഇനി വാടകയ്ക്കും

വാഹനങ്ങൾ ദീർഘകാലത്തേക്കു വാടകയ്ക്കു നൽകുന്ന പദ്ധതിയുമായി യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) രംഗത്ത്. അഞ്ചു വർഷം വരെ കാലാവധിയോടെ പുതിയ വാഹനങ്ങൾ പാട്ടത്തിനു നൽകാനാണു കമ്പനിയുടെ നീക്കം.

എൻട്രി ലവൽ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കെ യു വി 100’, കോംപാക്ട് എസ് യു വിയായ ‘ടി യു വി 300’, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’, പ്രീമിയം എസ് യു വിയായ ‘എക്സ് യു വി 500’ തുടങ്ങിയവയാണു വാടകയ്ക്കു നൽകാൻ മഹീന്ദ്ര തയാറെടുക്കുന്നത്. ഡൽഹി, മുംബൈ, ഹൈദരബാദ്, ബെംഗളൂരു, അഹമ്മദബാദ്, പുണെ നഗരങ്ങളിലാവും ആദ്യ ഘട്ടത്തിൽ മഹീന്ദ്ര മോഡലുകൾ വാടകയ്ക്കു ലഭിക്കുക. അടുത്ത ഘട്ടത്തിൽ രാജ്യത്തെ 19 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും മഹീന്ദ്ര തീരുമാനിച്ചിട്ടുണ്ട്. 

‘കെ യു വി 100 എൻ എക്സ് ടി’യുടെ പ്രതിമാസ വാടക 13,499 രൂപയാവുമെന്നാണു കണക്ക്; ‘എക്സ് യു വി 500’ ലഭിക്കാൻ 32,999 രൂപ പ്രതിമാസം അടയ്ക്കേണ്ടി വരും. മറ്റു മോഡലുകളുടെ പ്രതിമാസ വാടക ഇതിന് ഇടയിലാവും. പ്രഫഷനലുകളെയും ചെറുകിട ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് വാഹനങ്ങൾ വാടകയ്ക്കു നൽകാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ് ചീഫ് ഫിനാൻഷ്യൽ ഓഫിസറും ചീഫ് ഇൻഫർമേഷൻ ഓഫിസറുമായ വി എസ് പാർഥസാരഥി അറിയിച്ചു. ആഗോളതലത്തിൽ സ്വീകാര്യതയാർജിച്ചു വരുന്ന ഈ ലീസ് മാതൃകയ്ക്ക് ഇന്ത്യയിലും ആവശ്യക്കാരേറെയുണ്ടാവുന്ന പ്രതീക്ഷയിലാണ് അദ്ദേഹം. 

ഇൻഷുറൻസ്, സമഗ്ര അറ്റകുറ്റപ്പണി, ഓൺ റോഡ് അസിസ്റ്റൻസ്, അപകടം മൂലം സംഭവിക്കുന്ന തകരാർ പരിഹരിക്കൽ, 24 മണിക്കൂറും റീപ്ലേസ്മെന്റ് വാഹനം ലഭ്യമാക്കുമെന്ന വാഗ്ദാനം തുടങ്ങിയവ സഹിതമാണു മഹീന്ദ്ര കാർ വാടകയ്ക്കു നൽകാൻ തയാറെടുക്കുന്നത്. പോരെങ്കിൽ ആഗോളതലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഔറിക്സ്, എ എൽ ഡി ഓട്ടമോട്ടീവ് തുടങ്ങിയ ലീസിങ് കമ്പനികളുമായി സഹകരിച്ചാണു മഹീന്ദ്ര പുതിയ മേഖലയിൽ പ്രവേശിക്കുന്നത്. മോഡൽ അടിസ്ഥാനത്തിൽ പരമാവധി അഞ്ചു വർഷത്തേക്കു വരെ കാർ വാടയ്ക്കു നൽകാനാണു മഹീന്ദ്രയുടെ പദ്ധതി.