വിലയിൽ ക്രേറ്റയോടും ഫീച്ചറുകളിൽ ജീപ്പിനോടും ഏറ്റുമുട്ടാൻ ടാറ്റ ഹാരിയർ

വില കൊണ്ട് ഹ്യുണ്ടേയ് ക്രേറ്റയോടും ഫീച്ചറുകളിലും എൻജിനിലും ജീപ്പ് കോംപസ്, എക്സ് യു വി 500 എന്നിവയോടും ഏറ്റുമുട്ടാൻ ടാറ്റയുടെ പ്രീമിയം എസ്‌യുവി ഹാരിയർ എത്തുന്നു. ഏകദേശം 13 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയായിരിക്കും എസ്‌യുവിയുടെ എക്സ്ഷോറും വില എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

ടാറ്റ നിരയിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നായ ഹാരിയർ അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് നിർമാണം. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ് ഫോമിലാണ്.

ലാൻഡ് റോവറിന് സമാനമായി ഫ്ലോർ പ്ലാനും സ്റ്റിയറിങ്ങും ഗിയറുകളും ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ്. അതുപോലെ തന്നെ ബോഡി ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. സുരക്ഷ ഉറപ്പാക്കുന്ന ഡിസൈനാണ് ക്രംപിൾ സോണിന്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരം ഡിസൈൻ ചെയ്ത ആദ്യ വാഹനമാണ് ഹാരിയർ. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ 140 ബിഎച്ച്പി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഹാരിയറിൽ 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ട്. മുൻ വീൽ ഡ്രൈവ്, നാലു വീൽ ഡ്രൈവ് മോഡലുകളും ഹാരിയറിനുണ്ട്. ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ടാറ്റ വികസിപ്പിച്ച ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. വ്യത്യസ്ത ഡ്രൈവ് മോഡുകളുമുണ്ടാകും.