പിറന്നാളിന് ബുള്ളറ്റ് സമ്മാനം നൽകി പാഷാണം ഷാജിയെ അമ്പരപ്പിച്ച് ഭാര്യ

Saju Navodaya

പിറന്നാൾ സമ്മാനങ്ങൾ എന്നും പ്രിയപ്പട്ടതാണ്, അത് പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ മധുരമേറും. അത്തരത്തിലൊരു സന്തോഷത്തിന്റെ കഥയാണ് പാഷാണം ഷാജി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സാജു നവോദയയ്ക്ക് പറയാനുള്ളത്. പിറന്നാൾ സമ്മാനം നൽകിയതാകട്ടെ സ്വന്തം ഭാര്യയും.

യുവാക്കളുടെയെല്ലാം പ്രിയ വാഹനമാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. ബുള്ളറ്റ് സ്വന്തമാക്കിയാൽ കൊള്ളാം എന്ന ആഗ്രഹിക്കാത്ത യുവാക്കൾ ചുരുക്കമാണ്. ബസിൽ സഞ്ചരിക്കുന്ന കാലം തോട്ട് ബുള്ളറ്റിനോട് ഇഷ്ടമാണ് സാജു നവോദയയ്ക്ക്. ബൈക്കുകൾ ഓടിച്ചിട്ടുണ്ടെങ്കിലും ബുള്ളറ്റ് ഓടിച്ചിട്ടില്ല. ചെറുപ്പത്തിൽ ബുള്ളറ്റ് സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു, ആ ആഗ്രഹമാണ് ഇപ്പോൾ ഭാര്യ പിറന്നാൾ ദിനത്തിൽ സർപ്രൈസായി നൽകി സാധിച്ചു കൊടുത്തത്.

ബുള്ളറ്റിനോടുള്ള താൽപര്യം പലപ്പോഴും ഭാര്യയോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സമ്മാനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാജു പറയുന്നു. അർധരാത്രി രണ്ടു മണിക്ക് വിളിച്ചുണർത്തിയാണ് സമ്മാനം നൽകിയത്. ജീവിതത്തിലെ മറക്കാനാവാത്തൊരു സമ്മാനമാണ് അതെന്നും സാജു പറയുന്നു. റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ആണ് പിറന്നാൾ‌ സമ്മാനമായി ലഭിച്ചത്. 

ക്ലാസിക്ക് 350 

റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയ ബൈക്കാണ് ക്ലാസിക്ക് 350. 346 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 19.8 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കുമുണ്ട്. ഏകദേശം 1.53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.