ടാറ്റയുടെ ‘ലാൻഡ് റോവർ’ ഹാരിയർ ബുക്ക് ചെയ്യാം

Tata Harrier

ലാൻ‍ഡ്റോവറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ടാറ്റ പുറത്തിറക്കുന്ന പ്രീമിയം എസ്‍യുവി ഹാരിയർ ബുക്കിങ് ആരംഭിച്ചു. 30000 രൂപ നൽകിയാണ് ഹാരിയറിന്റെ ബുക്കിങ്ങുകൾ ടാറ്റ സ്വീകരിക്കുന്നത്. ജനുവരി ആദ്യം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 13 ലക്ഷം മുതൽ 18 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനം ക്രേറ്റ മുതൽ ജീപ്പ് വരെയുള്ള വാഹനങ്ങൾക്ക് ഭീഷണിയാകും. ‌

ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് നിർമാണം. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ് ഫോമിലാണ്.ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരം ഡിസൈൻ ചെയ്ത ആദ്യ വാഹനമാണ് ഹാരിയർ.

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ 140 ബിഎച്ച്പി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഹാരിയറിൽ 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ട്. മുൻ വീൽ ഡ്രൈവ്, നാലു വീൽ ഡ്രൈവ് മോഡലുകളും ഹാരിയറിനുണ്ട്. ലാൻഡ് റോവറിന്റെ ടെറൈൻ റെസ്പോൺസ് സിസ്റ്റത്തോടു കൂടിയ ടാറ്റ വികസിപ്പിച്ച ഓൾവീൽ ഡ്രൈവ് സിസ്റ്റമാണ് ഉപയോഗിക്കുക. വ്യത്യസ്ത ഡ്രൈവ് മോഡുകളുമുണ്ടാകും.