ആദ്യമെത്തുക എസ്‌യുവികൾ, ഭീഷണിയാകുക ബ്രെസ മുതൽ കോംപസ് വരെയുള്ളവർക്ക്

Kia SP

കിയ അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറുക എസ് യു വിയുമായി. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എസ് പി എന്ന കൺസെപ്റ്റ് വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് 2019 പകുതിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോംപാക്റ്റ് എസ്‌യുവി കൺസെപ്റ്റ് എന്ന പേരിൽ പ്രദർശിപ്പിച്ച വാഹനത്തിനു മുന്നിൽ തുറന്നു കിടക്കുന്നത് ബ്രെസ മുതൽ ജീപ്പ് കോംപസ് വരെയുള്ള വിപണിയാണ്. എന്നാൽ ഏത് സെഗ്മെന്റിലേയ്ക്കാണ് വാഹനം പുറത്തിറക്കുക എന്ന് കിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എസ് പി കൺസെപ്റ്റിനെ കൂടാതെ ഹ്യുണ്ടായ് കാർലിനോയെ അടിസ്ഥാനപ്പെടുത്തിയ കോംപാക്റ്റ് എസ് യു വി കൺസെപ്റ്റും കിയ പുറത്തിറക്കാൻ സാധ്യതയുണ്ട്.  എസ് പി ക്രേറ്റയും ജീപ്പും അടക്കമുള്ള കോംപാക്റ്റ് പ്രീമിയം എസ്‍യുവി വിപണി ലക്ഷ്യം വെയ്ക്കുമ്പോൾ കാർലിനോ കൺസെപ്റ്റ് ബ്രെസയെ ലക്ഷ്യം വെയ്ക്കും. ‌

ആദ്യം പുറത്തിറക്കുന്ന എസ്പി കൺസെപ്റ്റിൽ 1.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ എൻജിനുകളോടെയായിരിക്കും. ആന്ധ്രാപ്രദേശിലെ ഫാക്ടറിയിൽനിന്നായിരിക്കും നിർമാണം. എസ്പി കോണ്‍സപ്റ്റ് കാറുള്‍പ്പെടെ ഇന്നോവയുടെ എതിരാളി ഗ്രാൻഡ് കാർണിവെൽ, ലക്ഷ്വറി സെഡാൻ, പ്രീമിയം എസ്‌യുവി തുടങ്ങി ആഗോള തലത്തിലുള്ള നിരവധി വാഹനങ്ങളെ കിയ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണിയായ ഇന്ത്യയിലും വിജയം ആവര്‍ത്തിക്കുക എന്നതാണ് കിയയുടെ ലക്‌ഷ്യം. ലോകോത്തര ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതോടൊപ്പം ഇന്ത്യന്‍ വാഹന വ്യവസായ രംഗത്ത് പുതിയ നിലവാരം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കിയ മോട്ടേഴ്സ് കോര്‍പ്പറേഷന്‍ പ്രസിഡന്‍റ് ഹാന്‍ വൂ പാര്‍ക്ക് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.