മഹീന്ദ്രയുടെ ഫോര്‍ച്യൂണർ എതിരാളി ഇൻഫെർണൊ?

SsangYong Rexton 2018

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന്റെ പേര് ‘ഇൻഫെർണൊ’ എന്നാവുമെന്നു സൂചന. സാങ്യങ് ‘ജി ഫോർ റെക്സ്റ്റ’ന്റെ ബാഡ്ജ് എൻജിനീയറിങ് പതിപ്പായി നവംബർ 19ന് അരങ്ങേറുന്ന ഈ എസ് യു വിയുടെ പേര് ‘എക്സ് യു വി 700’ എന്നാവുമെന്നായിരുന്നു ആദ്യ പ്രതീക്ഷകൾ.

പുതിയ പ്രീമിയം എസ് യു വിക്കു പേരു തിരഞ്ഞെടുക്കുമ്പോൾ പതിവു ശൈലി കൈവിടുമെന്നു മഹീന്ദ്ര തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു; സാധാരണ ഗതിയിൽ അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലർത്തിയും ‘ഒ’ എന്ന അക്ഷരത്തിൽ അവസാനിക്കുന്ന വിധത്തിലുമാണു കമ്പനി എസ് യു വികൾക്കു പേരു നിശ്ചയിക്കാറുള്ളത്. 

എന്നാൽ ഇന്റർനെറ്റിലും ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിലുമൊക്കെ മഹീന്ദ്ര നടത്തുന്ന നീക്കങ്ങൾ ശ്രദ്ധിച്ചാൽ പുതിയ പ്രീമിയം എസ് യു വിയുടെ പേർ ‘ഇൻഫെർണൊ’ എന്നാവുമെന്ന സൂചന ശക്തമാണ്.  ‘മഹീന്ദ്രഇൻഫെർണൊഡോട്ട് കോം’ എന്ന ഡൊമെയ്ൻ നാമം മഹീന്ദ്ര സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞു; അതുകൊണ്ടുതന്നെ അടുത്ത മാസമെത്തുന്ന പ്രീമിയം എസ് യു വിയോ ‘എസ് 201’ എന്ന പേരിൽ വികസനഘട്ടത്തിലുള്ള മോഡലോ ഈ പേരിലാവും വിപണിയിലെത്തുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. മാത്രമല്ല കഴിഞ്ഞ ജൂലൈ മുതൽ തന്നെ അറ്റ്മഹീന്ദ്രഇൻഫെർണൊ എന്ന പേരിൽ മഹീന്ദ്ര പുതിയ ട്വിറ്റർ ഹാൻഡിലും ആരംഭിച്ചിട്ടുണ്ട്. 

നരകത്തിനുള്ള ഇറ്റാലിയൻ വാക്കായ ‘ഇൻഫെർണൊ’യിൽ നിന്നാണു മഹീന്ദ്ര പുതിയ എസ് യു വിക്കുള്ള പേരു കണ്ടെത്തുന്നത്. ഇന്ത്യൻ പ്രീമിയം എസ് യു വി വിപണിയിൽ ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഇസൂസു ‘എം യു — എക്സ്’ തുടങ്ങിയവയോടാവും മഹീന്ദ്രയിൽ നിന്നുള്ള പുതുമുഖത്തിന്റെ പോരാട്ടം.  സാങ്യങ്ങിന്റെ ‘മുസൊ’ പിക് അപ് ട്രക്കിന് അടിത്തറയാവുന്ന അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്ഫോമാണ് പുതിയ എസ് യു വിക്കും മഹീന്ദ്ര ഉപയോഗിക്കുക. 4850 എം എം നീളവും 1960 എം എം വീതിയും 1800 എം എം ഉയരവുമാണു ‘ജി ഫോർ റെക്സ്റ്റനു’ള്ളത്. 2,865 എം എമ്മാണു വീൽബേസ്. 

എസ് യു വിക്കു കരുത്തേകുക 2.2 ലീറ്റർ ടർബോ ഡീസൽ എൻജിനാവും; 187 ബി എച്ച് പിയോളം കരുത്തും 420 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മെഴ്സീഡിസിൽ നിന്നു കടമെടുത്ത ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.