ഫോർച്യൂണറിന്റെ എതിരാളിയായി എത്തുമോ ജീപ്പ് കമാൻ‍‍‍‍ഡർ ?

Jeep Commander, Representative Image

എസ്‌യുവി വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള പദ്ധതിയിലാണ് ജീപ്പ്. കോംപസിന് പിന്നിലെ ചെറു എസ്‌യുവിയും അതിന് ശേഷം 7 സീറ്റർ എസ്‌യുവിയുടെ ജീപ്പ് പുറത്തിറക്കും. കോംപസിന്റെ സ്മോൾ വൈഡ് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർ–വി, ഫോഡ് എൻഡെവർ തുടങ്ങി വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.

Jeep Commander

ജീപ്പ് 2017 ഷാങ്ഹായ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡലായ ഗ്രാൻഡ് കമാൻഡറെ അടിസ്ഥാപ്പെടുത്തിയായിരിക്കും പുതിയ എസ്‌യുവി വിപണിയിലെത്തുക. മോണോക്കോക് ബോഡിയായ എസ്‌യുവി 2021ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ടുവീൽ ഡ്രൈവ്, ഫോർ വീല്‍ മോഡലുകളിൽ കമാൻഡർ വിൽപ്പനയ്ക്കെത്തും. ചൈനയിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും നൽകും ഈ എൻജിൻ. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്സുമുണ്ട് പുതിയ വാഹനത്തിന്.

കോംപസിന് ലഭിച്ച സ്വീകാര്യത പുതിയ വാഹനങ്ങള്‍ പുറത്തിറക്കാൻ ജീപ്പിനെ പ്രേരിപ്പിക്കും എന്നാണ് പ്രതീക്ഷ. എന്നാൽ ഇന്ത്യയിലും കമാൻഡർ എന്ന പേരിൽ എത്താൻ സാധ്യത കുറവാണ്. 20 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില.