‘അരീന’ ബ്രാൻഡ് അംബാസഡറായി വരുൺ ധവാൻ

Varun Dhawan

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഷോറൂം ശൃംഖലയായ ‘അരീന’യുടെ ബ്രാൻഡ് അംബസഡറായി  ബോളിവുഡ് താരം വരുൺ ധവാൻ എത്തുന്നു. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുടെ പുതിയ പതിപ്പ് അവതരണത്തിനു തയാറാവുന്ന വേളയിലാണു വരുൺ ധവാന്റെയും രംഗപ്രവേശമെന്നതും ശ്രദ്ധേയമാണ്. 

ജനപ്രിയ മോഡലുകളായ ‘സ്വിഫ്റ്റ്’, ‘വിറ്റാര ബ്രേസ’, ‘ഡിസയർ’ തുടങ്ങിയവയാണു മാരുതി സുസുക്കി ‘അരീന’ എന്നു പേരിട്ട ഷോറൂമുകൾ വഴി വിൽക്കുന്നത്. അതേസമയം ‘ബലേനൊ’, ‘സിയാസ്’, ‘എസ് ക്രോസ്’ തുടങ്ങിയവയുടെ വിൽപ്പന പുതുതലമുറ ഡീലർഷിപ് ശൃംഖലയായ ‘നെക്സ’ വഴിയാണ്. 

രാജ്യത്തെ സാധാരണ ഡീലർഷിപ്പുകൾ പൂർണമായും ‘അരീന’ മാതൃകയിലേക്കു മാറ്റാനുള്ള നടപടികളാണു നിലവിൽ മാരുതി സുസുക്കി സ്വീകരിച്ചുവരുന്നത്. അവതരണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാവുമ്പോൾ രാജ്യത്ത് നൂറിലേറെ ‘അരീന’ ഷോറൂമുകൾ പ്രവർത്തനക്ഷമമായെന്നും മാരുതി സുസുക്കി ചൂണ്ടിക്കാട്ടി. 

ഇന്ത്യയിലെ ഇന്നത്തെ യുവാക്കളുടെ പ്രതിനിധിയാണു വരുൺ ധവാനെന്നു മാരുതി സുസുക്കി ഇന്ത്യ സീനിയർ ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. തികച്ചും ആധുനികവും സാമൂഹികവുമായ നിലപാടുകളുള്ള യുവാക്കൾ ആത്മവിശ്വാസത്തിലും ഏറെ മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഹിന്ദി ചലച്ചിത്ര ലോകത്തെ യുവതാരങ്ങളിൽ ശ്രദ്ധേയനായ വരുൺ ധവാൻ മുമ്പു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘കെ യു വി 100’ മൈക്രോ എസ് യു വിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു. എന്നാൽ മഹീന്ദ്രയുമായുള്ള കരാർ ഇപ്പോഴും നിലവിലുണ്ടോ എന്നു വ്യക്തമല്ല.  മാരുതി സുസുക്കിയാവട്ടെ ഇതു രണ്ടാം തവണയാണു ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരത്തെ നിയോഗിക്കുന്നത്. മുമ്പ് ‘നെക്സ’വിപണന ശൃംഖലയുടെയും സെഡാനായ ‘സിയാസി’ന്റെയും ബ്രാൻഡ് അംബാസഡറായിട്ടാണു രൺവീർ സിങ്ങിനെ നിയോഗിച്ചിരുന്നത്.