ഓഫ് റോഡ് ശ്രേണിയിൽ 3 ബൈക്കുമായി കാവസാക്കി

Kawasaki KLX 450R

ഓഫ് റോഡ് മോട്ടോർ സൈക്കിൾ ശ്രേണിയിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി ഇന്ത്യ മൂന്നു മോഡലുകൾ കൂടി അവതരിപ്പിച്ചു. എതിരാളികളായ സുസുക്കി ഇന്ത്യൻ വിപണിയിൽ ഡർട്ട് ബൈക്കുകൾ അനാവരണം ചെയ്ത പിന്നാലെയാണ് മോട്ടോക്രോസ് മോഡലുകളുടെ 2019 പതിപ്പുകൾ കാവസാക്കിയും പുറത്തിറക്കിയത്.  കാവസാക്കിയുടെ ‘2019 കെ എക്സ് 250’ ബൈക്കിന് 7.43 ലക്ഷം രൂപയും ‘കെ എക്സ് 450’ ബൈക്കിന് 7.79 ലക്ഷം രൂപയും ‘കെ എൽ എക്സ് 450 ആറി’ന് 8.49 ലക്ഷം രൂപയുമാണ് രാജ്യത്തെ ഷോറൂമുകളിൽ വില.

പുത്തൻ എൻജിന്റെ പിൻബലത്തോടെ എത്തുന്ന ‘കെ എക്സ് 450’ ഈ വിഭാഗത്തിലെ ഏറ്റവും കരുത്തേറിയ ബൈക്കാണ്. പുതിയ എൻജിനൊപ്പം ഫിംഗർ ഫോളോവർ വാൽവ് ആക്ച്വേഷൻ(വി വി എ), ഇലക്ട്രിക് സ്റ്റാർട്ടർ, ഹൈഡ്രോളിക് ക്ലച്ച് തുടങ്ങിയവയും ബൈക്കിലുണ്ട്. കാവസാക്കി മോട്ടോ ക്രോസ് ബൈക്കിൽ ഇതാദ്യമായാണ് ഈ പരിഷ്കാരങ്ങൾ നടപ്പാവുന്നത്. കൂടുതൽ ദൃഢതയ്ക്കായി ഭാരം കുറഞ്ഞ അലൂമിനിയം പെരിമീറ്റർ ഫ്രെയിമും ബൈക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. മുന്നിൽ പുതിയ ബ്രേക്ക് മാസ്റ്റർ സിലിണ്ടറും കാവസാക്കി ഘടിപ്പിച്ചിട്ടുണ്ട്.

ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ കമ്പനിയുടെ മോട്ടോ ക്രോസ് മോഡലുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ യുതാക യമാഷിക അഭിപ്രായപ്പെട്ടു. മോട്ടോ ക്രോസ് പ്രേമികൾക്ക് ‘കെ എക്സ് 450’, ‘കെ എക്സ് 250’ ബൈക്കുകൾ കൂടുതൽ ആവേശം സമ്മാനിക്കും. എൻഡ്യൂറൻസ് പ്രേമികൾക്കാവട്ടെ ‘കെ എൽ എക്സ് 450 ആർ’ കരുത്തിന്റെയും പ്രകടനക്ഷമതയുടെയും ഇലക്ട്രിക് സ്റ്റാർട്ടിന്റെയുമൊക്കെ സമന്വയമാണു വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കാവസാക്കി ‘കെ എൽ എക്സ് 450 ആറി’ൽ എൽ ഇ ഡി ടെയിൽ ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോൾ തുടങ്ങിയവയും ലഭ്യമാണ്. മോട്ടോ ക്രോസ് പതിപ്പിനെ അപേക്ഷിച്ച് അധികഭാരവും ഈ ബൈക്കിനുണ്ട്. ‘കെ എക്സ് 450’ ബൈക്കിലെ 449 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ് ‘കെ എൽ എക്സ് 450 ആറി’നു കരുത്തേകുന്നത്; എന്നാൽ ട്യൂണിങ് വ്യത്യസ്തമാണ്. അതേസമയം, ബൈക്കുകളുടെ കരുത്തോ ടോർക്കോ വെളിപ്പെടുത്താൻ കാവസാക്കി സന്നദ്ധമായിട്ടില്ല.