മഹീന്ദ്രയുടെ മൊത്തം ഉൽപ്പാദനം 70 ലക്ഷത്തിൽ

XUV 500

പ്രമുഖ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 70 ലക്ഷം യൂണിറ്റ് പിന്നിട്ടു. മൂന്നു വർഷം മുമ്പ് 2015ലാണു മഹീന്ദ്രയുടെ ഉൽപ്പാദനം 50 ലക്ഷം തികഞ്ഞത്; അതിനും മൂന്നു വർഷം മുമ്പ് 2012ലായിരുന്നു മൊത്തം ഉൽപ്പാദനം 40 ലക്ഷത്തിലെത്തിയത്.

മഹീന്ദ്ര ഓട്ടമോട്ടീവിന് ഇത് അഭിമാന നേട്ടമാണെന്ന് മഹീന്ദ്ര വെഹിക്ക്ൾ മാനുഫാക്ചറേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിജയ് കാൽറ അഭിപ്രായപ്പെട്ടു. കമ്പനിയുടെ മൊത്തം ഉൽപ്പാദനം 70 ലക്ഷത്തിലെത്തിയത് ചരിത്ര നേട്ടമാണ്. മഹീന്ദ്ര കുടുംബത്തിന്റെയും ഉപയോക്താക്കളുടെയും ചാനൽ — സപ്ലയർ പങ്കാളികളുടെയുമൊക്കെ പിന്തുണയാണ് ഈ നേട്ടത്തിലേക്കു നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

വെള്ള നിറമുള്ള ‘സ്കോർപിയൊ’ ആണു മഹീന്ദ്രയുടെ മൊത്തം ഉൽപ്പാദനം 70 ലക്ഷത്തിലെത്തിച്ചത്. പുഷ്പാലംകൃതമായ വാഹനത്തിൽ ‘70 ലക്ഷത്തിന്റെ ആഘോഷം’ എന്ന ബോർഡുമുണ്ടായിരുന്നു. സി ഇ ഒ ആയ കാൽറ തന്നെയാണു വാഹനം ഓടിച്ചു പുറത്തെത്തിച്ചത്. 

പിന്നാലെ നീല നിറമുള്ള, അലംകൃതമായ ‘മരാസൊ’യും പുറത്തിറങ്ങി; കമ്പനിയുടെ വളർച്ചയിലെ പുതു ഘട്ടത്തിന്റെ പ്രഖ്യാപനമായി ‘70,00,001’ എന്നു വിളംബരം ചെയ്യുന്ന ബോർഡുമായിട്ടായിരുന്നു ഈ എം പി വിയുടെ വരവ്. പുതിയ മോഡലുകളായ ‘വൈ 400’, ‘എസ് 201’ എന്നിവ കൂടിയെത്തുന്നതോടെ ഉൽപ്പാദനം കൂടുതൽ ഊർജിതമാവുമെന്ന പ്രതീക്ഷയിലാണു മഹീന്ദ്ര. മഹാരാഷ്ട്രയിലെ ചക്കൻ, നാസിക്, കാണ്ടിവ്ലി, ഇഗത്പുരി, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെലങ്കാനയിലെ സഹീറാബാദ് ശാലകളിലാണു മഹീന്ദ്ര വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്.