ഹെൽമറ്റില്ല, ഒപ്പം അശ്രദ്ധയും, ഫലം മരണം–വിഡിയോ

Screengrab

ശ്രദ്ധ മരിക്കുന്നിടത് അപകടം ജനിക്കുന്നു എന്നാണ് പറയാറ്. പലപ്പോഴും വാഹനാപകടങ്ങളുടെ കാര്യത്തിൽ അതു ശരിയാകാറാണ് പതിവ്. ചിലപ്പോഴൊക്കെ നമ്മുടെ അശ്രദ്ധ മറ്റുള്ളവർക്കാണ് വിനയാകുന്നത്. അത്തരത്തിലൊരു അപകടമരണത്തിന്റെ വാർത്തയാണ് ഡൽഹിയിൽ നിന്നു വരുന്നത്. രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഹെൽമെറ്റില്ലാതെ എതിരെ വാഹനമുണ്ടോയെന്ന് നോക്കാതെ റോഡു മുറിച്ചു കടന്ന ബൈക്കുകാരനാണ് അപകടത്തിന് കാരണമായത്. എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതു മൂലം തലയ്ക്ക് പരിക്കേറ്റാണ് യുവാവ് മരിച്ചത്. അപകടത്തില്‍ ഉൾപെട്ട മറ്റ് ബൈക്ക് യാത്രികർ ഹെൽമെറ്റ് ധരിച്ചതുകാരണം അധികം പരിക്കുകൾ പറ്റിയില്ല എന്നതും വിഡിയോയിൽ കാണാം.

ഹെൽമെറ്റ് ജീവൻ രക്ഷിക്കും

ചെറിയ വീഴ്ചകളിൽ നിന്നും ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെ സഞ്ചരിക്കുന്നതിനാൽ അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ലെന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തലയടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.

55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നുവെന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരം കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല. വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതു വാങ്ങുകതന്നെ വേണം.