കാർണിവൽ, ഫീച്ചറുകളിൽ വമ്പൻ

Kia Carnival

വിവിധോദ്ദേശ്യ വാഹന (എം പി വി) വിപണിയിൽ പ്രവേശിക്കാനും കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയ്ക്ക് ആലോചന. എം പി വിയായ ‘ഗ്രാൻഡ് കാർണിവലി’നെയാണ് ഇന്ത്യയ്ക്കായി കിയ പരിഗണിക്കുന്നത്. ചില വിപണികളിൽ ‘കാർണിവൽ’ എന്ന പേരിലും ചില രാജ്യങ്ങളിൽ ‘സെഡൊണ’ എന്ന പേരിലും ലഭ്യമാവുന്ന ഈ എം പി വി 2020 ആകുന്നതോടെ ഇന്ത്യയിലുമെത്തുമെന്നാണു പ്രതീക്ഷ. 

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് ‘ഗ്രാൻഡ് കാർണിവലി’നു ലഭിച്ചതെന്നാണു കിയയുടെ വിലയിരുത്തൽ. പ്രതിമാസം 1,000 യൂണിറ്റ് വിൽപ്പന നേടാൻ ഈ എം പി വിക്കാവുമെന്നും കിയ മോട്ടോഴ്സ് ഇന്ത്യ സീനിയർ ജനറൽ മാനേജർ(മാർക്കറ്റിങ് ആൻഡ് പി ആർ) സുൻ വുക് ഹ്വാങ് കരുതുന്നു.

അഞ്ചു വാതിലുള്ള എം പി വിയായ ‘ഗ്രാൻഡ് കാർണിവൽ’ വിദേശ വിപണികളിൽ ഏഴ്, എട്ട്, ഒൻപത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വിൽപ്പനയ്ക്കുണ്ട്. ഇന്ത്യയ്ക്കായി മധ്യ നിരയിൽ മികച്ച യാത്രാസുഖം ഉറപ്പാക്കാൻ ഏഴു സീറ്റുള്ള പതിപ്പാണു കിയ പരിഗണിക്കുന്നത്. മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളും ഉൾവലിയുന്ന വിധത്തിലുള്ള ഫുട്റസ്റ്റുമൊക്കെയുള്ള പതിപ്പും ‘ഗ്രാൻഡ് കാർണിവലി’നുണ്ട്. ഓടിക്കാനുള്ള ചുമതല ഡ്രൈവറെ ഏൽപ്പിച്ചു വാഹന ഉടമകൾ മധ്യനിരയിലാവും യാത്രയെന്നതിനാൽ ഇന്ത്യയിലേക്ക് ഈ വകഭേദം എത്തിക്കാനുള്ള സാധ്യതയും കിയയുടെ പരിഗണനയിലുണ്ട്. 

ദടായ ടൊയോട്ട ‘ഇന്നോവ ക്രിസ്റ്റ’യെ അപേക്ഷിച്ച് ‘ഗ്രാൻഡ് കാർണിവലി’നു നീളമേറും; 5,115 എം എം നീളവും 1,985 എം എം വീതിയും 1755 എം എം ഉയരവുമാണു കിയയുടെ എം പി വിക്കുള്ളത്. ‘ഇന്നോവ ക്രിസ്റ്റ’യ്ക്കാവട്ടെ 4,735 എം എം നീളവും 1,830 എം എം വീതിയും 1,795 എം എം ഉയരവുമാണുള്ളത്. ‘ഇന്നോവ’യെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കാവും ‘ഗ്രാൻഡ് കാർണിവൽ’ വിൽപ്പനയ്ക്കെത്തുകയെന്നും കിയ മോട്ടോഴ്സ് സൂചിപ്പിക്കുന്നു. ഇരട്ട സൺറൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട് — കർട്ടൻ എയർബാഗ്, മൾട്ട്പ്ൾ യു എസ് ബി ചാർജിങ് പോർട്ട് തുടങ്ങിയവയോടെ എത്തുന്ന ‘ഗ്രാൻഡ് കാർണിവലി’ന് 22 ലക്ഷം രൂപ മുതലാവും വില(‘ഇന്നോവ ക്രിസ്റ്റ’യുടെ വില 19 ലക്ഷം രൂപയിലാണു തുടങ്ങുക).  ഇന്ത്യയിൽ ഡീസൽ എൻജിനോടെ മാത്രമാവും ‘ഗ്രാൻഡ് കാർണിവൽ’ എത്തുക; വിദേശത്ത് 200 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന, 2.2 ലീറ്റർ ഡീസൽ എൻജിനാണ് എം പി വിക്കു കരുത്തേകുന്നത്.