ടാറ്റ ഹാരിയറിന് തുടക്കത്തിൽ മാനുവൽ ഗീയർബോക്സ് മാത്രം

അരങ്ങേറ്റത്തിന് ആഴ്ചകൾ അവശേഷിക്കുമ്പോൾ ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയറി’നെക്കുറിച്ചു പുതിയ വിവരങ്ങൾ ലഭ്യമായി തുടങ്ങി. ‘ഹാരിയറി’ന്റെ അഞ്ചു സീറ്റുള്ള പതിപ്പ് തുടക്കത്തിൽ ഡീസൽ എൻജിനും ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാവും എത്തുകയെന്നാണ് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടിലെത്തുന്ന എസ് യു വിക്കു കരുത്തേകുക 140 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിനുമാവും. 

പിന്നീട് ഹ്യുണ്ടേയിൽ നിന്നു കടമെടുത്ത ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും ‘ഹാരിയർ’ വിൽപ്പനയ്ക്കെത്തും. അടുത്ത വർഷം ഏഴു സീറ്റുള്ള ‘ഹാരിയർ’ അവതരിപ്പിക്കുമ്പോഴാവും ഈ ഓട്ടമാറ്റിക് ഗീയർബോക്സിന്റെയും അരങ്ങേറ്റം. പോരെങ്കിൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തോടെയാവുമത്രെ ഏഴു സീറ്റുള്ള ‘ഹാരിയറി’ന്റെ വരവ്. 

ഓൾ വീൽ ഡ്രൈവിനു പുറമെ കരുത്തേറിയ എൻജിനും ഏഴു സീറ്റുള്ള ‘ഹാരിയറി’ന്റെ സവിശേഷതയാവും; ട്യൂണിങ് പരിഷ്കരിച്ച് 170 ബി എച്ച് പിയോളം കരുത്താവും രണ്ടു ലീറ്റർ ക്രയോടെക് എൻജിനിൽ നിന്നു ടാറ്റ മോട്ടോഴ്സ് സൃഷ്ടിക്കുക. കൂടാതെ അഞ്ചു സീറ്റുള്ള ‘ഹാരിയറി’ലും ഈ കരുത്തേറിയ എൻജിൻ പിന്നീട് ഘടിപ്പിക്കാൻ കമ്പനിക്ക് ആലോചനയുണ്ട്.