പുതുവർഷത്തിൽ ‘മരാസൊ’ വില കൂട്ടാൻ മഹീന്ദ്ര

പുത്തൻ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മരാസൊ’യുടെ വില വർധിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനിച്ചു. പുതുവർഷപ്പിറവി മുതൽ കാർ വിലയിൽ 30,000 മുതൽ 40,000 രൂപയുടെ വരെ വർധനയാണു പ്രാബല്യത്തിലെത്തുക.

അവതരണ വേളയിൽ പ്രാരംഭ ആനുകൂല്യമെന്ന നിലയിലായിരുന്നു ‘മരാസൊ’യുടെ വില പ്രഖ്യാപിച്ചതെന്ന് എം ആൻഡ് എം ഓട്ടമോട്ടീവ് വിഭാഗം വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര വിശദീകരിച്ചു. അതിനാലാണ് ജനുവരി ഒന്നു മുതൽ കാർ വില വർധിപ്പിക്കുന്നത്. അരങ്ങേറ്റം കഴിഞ്ഞ് നാലു മാസം കഴിഞ്ഞുള്ള ഈ വില വർധന തികച്ചും ന്യായമാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫരിനയും ചേർന്നായിരുന്നു ‘മരാസൊ’യുടെ രൂപകൽപ്പന നിർവഹിച്ചത്. നോർത്ത് അമേരിക്ക ടെക്നിക്കൽ സെന്ററും ചെന്നൈയിലെ മഹീന്ദ്ര റിസർച് വാലിയും ചേർന്നാണ് വാഹനത്തിന്റെ എൻജിനീയറിങ് ജോലികൾ പൂർത്തിയാക്കിയത്. 

തന്റേടം തുളുമ്പുന്ന, ഏറോഡൈനമിക് ശൈലിയിലുള്ള രൂപകൽപ്പനയും സുഗമമായ റൈഡും തകർപ്പൻ ഹാൻഡ്ലിങ്ങും ആഡംബരം തുളുമ്പുന്ന അകത്തളവുമൊക്കെയായി അവതരണഘട്ടത്തിൽ തന്നെ വിപണിയുടെ മനം കവരാൻ ‘മരാസൊ’യ്ക്കു സാധിച്ചിരുന്നു. സറൗണ്ട് കൂൾ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ, ശബ്ദശല്യമില്ലാത്ത കാബിനിൽ എട്ടു പേർക്കാണു ‘മരാസൊ’ യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്നത്.