ജാവ മാത്രമല്ല കളം പിടിക്കാൻ യെസ്ഡിയും

Yezdi

ജാവയുടെ രണ്ടാം വരവ് ആവേശത്തോടെയാണ് ആളുകൾ കേട്ടത്. ഒന്നര ലക്ഷം മുതൽ വിലയിൽ പുതിയ ജാവ ലഭിക്കുമ്പോള്‍. യെസ്ഡി എന്നെത്തും എന്നായിരുന്നു ആരാധകരുടെ മറ്റൊരു ചോദ്യം. യെസ്ഡി മാത്രമല്ല ബിഎസ്എ ബൈക്കുകളും ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) പറയുന്നത്.

ജാവയുടെ പുറത്തിറക്കൽ ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് യെസ്ഡിയും ബിഎസ്എയും ഉടൻ പ്രതീക്ഷിക്കാം എന്ന് സിഎൽപിഎല്ലിന്റെ സ്ഥാപകൻ അനുപം തരേജ പറഞ്ഞത്. എന്നാല്‍ ബൈക്കുകൾ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ ഇരുചക്രവാഹന നിർമാതാക്കൾ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകൾ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. 1950ൽ കേന്ദ്രസർക്കാർ ഇരുചക്രവാഹന ഇറക്കുമതി നിരോധിച്ചതോടെ വിദേശത്തുനിന്നു പാർട്സുകൾ എത്തിച്ച് ഇന്ത്യയിൽ വച്ച് അസംബിൾ ചെയ്തു ബൈക്ക് നിരത്തിലിറക്കി. റസ്റ്റോം ഇറാനി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിൽ മൈസൂരുവിൽ 1961 മാർച്ചിൽ ഐഡിയൽ ജാവ എന്ന പേരിൽ തദ്ദേശീയ ബൈക്ക് കമ്പനി പ്രവർത്തനമാരംഭിച്ചു.

Jawa

ചെക്കിലെ ജാവ ജെസ്ഡി എന്ന പേരു മാറ്റി ഇന്ത്യയിൽ യെസ്ഡി എന്ന ബ്രാൻഡിലായിരുന്നു ബൈക്ക് ഉൽപാദനം. ചെക്ക് റിപ്പബ്ലിക്ക് കമ്പനിയായ ജാവയും ഇന്ത്യൻ കമ്പനിയായ ഐഡിയലും ചേർന്നാണ് ജാവ ബൈക്കുകൾ ഇന്ത്യയിൽ പുറത്തിറക്കിയത്. തുടക്കത്തിൽ ജാവയായും പിന്നീട് യെസ്ഡിയായും ഇന്ത്യൻ നിരത്തുകളിലെത്തി. റോ‍ഡ് കിങ്, ക്ലാസിക്ക്, സിഎൽ 2, ഡിലക്സ് തുടങ്ങി നിരവധി സൂപ്പർസ്റ്റാറുകളുണ്ടായിരുന്ന യെസ്ഡിക്ക്. എന്നാൽ പുതു തലമുറ ബൈക്കുകളുടെ മുന്നിൽ പിടിച്ചു നിൽക്കാനാവാത്തതും ടൂ സ്ട്രോക്ക് ബൈക്കുകളുടെ നിരോധനവും ഐഡിയൽ ജാവ യെസ്‍ഡിയുടെ നിർ‌മാണം 1996 ൽ അവസാനിപ്പിക്കാൻ കാരണമാക്കി.

Jawa 42

ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. ബിഎസ്എയുടെ അവകാശവും സ്വന്തമാക്കിയ സിഎൽപിഎൽ ഇരുബ്രാൻഡിലും ബൈക്കുകൾ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചത്.