275 കി.മീ വേഗത്തിൽ മലക്കം മറിഞ്ഞ് റേസ് കാർ – വിഡിയോ

Image Source: Twitter

വേഗതയുടെ രാജാക്കന്മാരെ കണ്ടെത്താനുള്ള മത്സരമാണ് ഫോർമുല റേസിങ്ങുകൾ. മണിക്കൂറിൽ 375 കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പായുന്ന കാറുകളിലെ ചെറിയ അപകടങ്ങള്‍ക്കും വലിയ വില നൽകേണ്ടിവരാറുണ്ട്. മത്സരിക്കുന്ന വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മികച്ചതായതുകൊണ്ട് മരണത്തിലെത്തുന്ന അപകടങ്ങൾ കുറവാണ്. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ഫോർമുല വൺ റേസ് ട്രാക്കുളിലൊന്നായ മക്കാവു ട്രാക്കിൽ നിന്നാണ് ഏറ്റവും പുതിയ അപകടവാർത്ത.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഫോർമുല 3 റേസ് മത്സരത്തിൽ സംഭവിച്ച അപകടത്തിൽ പതിനേഴുകാരിയായ ജർമ്മൻ ഡ്രൈവർ സോഫിയ ഫ്ലോർച്ചിന് ഗുരുതരമായ പരിക്കേറ്റു. മണിക്കൂറിൽ 275 കിലോമീറ്റർ വേഗത്തിൽ വന്ന കാർ ജപ്പാൻകാരിയായ ഷൂ സുബോയ്‌യുടെ കാറിൽ ഇടിച്ചു ഉയർന്നതിന് ശേഷം  സുരക്ഷ വേലിയിൽ ഇടിച്ചാണ് നിന്നത്. ഫോട്ടോഗ്രാഫർമാർക്കായി ഒരുക്കിയ സ്റ്റാന്റിലേയ്ക്ക് കാർ ഇടിച്ചുകയറിയ അപകടത്തിൽ രണ്ടു ഡ്രൈവർമാർക്കടക്കം 5 പേർക്കാണ് പരിക്കേറ്റത്.

ഭാഗ്യംകൊണ്ട് മാത്രമാണ് സോഫിയ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാണികളിലൊരാള്‍ പകര്‍ത്തിയ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട് ‍ഞെട്ടിയിരിക്കുകയാണ് കായികലോകം. നട്ടെല്ലിന് പരിക്കേറ്റ സോഫിയയ്ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‌മാർ.