Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹനം: 1,000 കോടി മുടക്കാൻ മഹീന്ദ്ര

Mahindra e2o

രാജ്യത്തെ വൈദ്യുത വാഹന വിൽപ്പന കുതിച്ചുയരുമെന്ന പ്രതീക്ഷയിൽ ഈ മേഖലയിൽ കനത്ത നിക്ഷേപത്തിനു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തയാറെടുക്കുന്നു. വൈദ്യുത വാഹന നിർമാണ വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് വഴി 1,000 കോടി രൂപയാണ് ഈ രംഗത്തു മഹീന്ദ്ര മുടക്കുക. പുതിയ മോഡലുകളുടെയും സാങ്കേതിക വിദ്യയുടെയും വികസനത്തിനും ഉൽപ്പാദന ശേഷി വർധിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാണു പുതിയ മുതൽമുടക്ക്. 

കമ്പനിയുടെ പുതിയ നിർമാണ, സാങ്കേതിക വിദ്യ ഹബ്വും ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി സംവിധാനങ്ങളുടെയും പവർ ട്രെയ്നിന്റെയും കൺട്രോൾ യൂണിറ്റിന്റെയും പവർ ഇലക്ട്രോണിക്സിന്റെയുമൊക്കെ നിർമാണം ലക്ഷ്യമിട്ടാണു പുതിയ ഹബ്വിന്റെ വരവ്.

നിർദിഷ്ട നിക്ഷേപത്തിൽ 400 കോടിയോളം രൂപ പുതിയ വാഹനങ്ങൾക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനായി മഹീന്ദ്ര നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ ടെക്നോളജി ഹബ് യാഥാർഥ്യമാക്കാൻ 100 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്.

അടുത്ത അഞ്ചു വർഷത്തിനിടെ 500 കോടി രൂപ കൂടി ഈ രംഗത്തു മുടക്കാനാണു മഹീന്ദ്ര ഒരുങ്ങുന്നത്; വൈദ്യുത മൊബിലിറ്റിക്കുള്ള സാങ്കേതികവിദ്യ വികസനം ഉൽപ്പാദന ശേഷി വർധന തുടങ്ങിയ മേഖലകളിലാവും ഈ മുതൽമുടക്ക്. 

വികസന പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ 2020ൽ വൈദ്യുത വാഹന ഉൽപ്പാദന ശേഷി 70,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു മഹീന്ദ്രയുടെ പ്രതീക്ഷ. നിലവിൽ പ്രതിവർഷം 24,000 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ മൊത്തം ഉൽപ്പാദന ശേഷി.