പുത്തൻ നിറക്കൂട്ടിലും പൾസർ 150 ക്ലാസിക്

Pulsar Black Pack Edition

പൾസർ 150 ക്ലാസിക് രണ്ടു പുതിയ വർണ സങ്കലനങ്ങളിൽ കൂടി ലഭ്യമാക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ് തീരുമാനിച്ചു. നിലവിലുള്ള സമ്പൂർണ കറുപ്പ് നിറത്തിനൊപ്പം ബ്ലാക്ക് വിത്ത് റെഡ് ഹൈലൈറ്റ്സ്, ബ്ലാക്ക് വിത്ത് സിൽവർ ഹൈലൈറ്റ്സ് നിറക്കൂട്ടുകളിലാണു ‘പൾസർ 150 ക്ലാസിക്’ വിൽപ്പനയ്ക്കുണ്ടാവുക. മുംബൈ ഷോറൂമിൽ 65,500 രൂപയാണു വർണവ്യത്യാസമില്ലാതെ ബൈക്കിനു വില.

വ്യാഴവട്ടം മുമ്പു വിപണിയിലെത്തിയ ‘പൾസർ 150 യു ജി ത്രീ’യെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനാ ഘടകങ്ങളുമായി കഴിഞ്ഞ ജൂണിലാണ് ‘പൾസർ 150 ക്ലാസിക്’ വിപണിയിലെത്തിയത്. തുടക്കത്തിൽ കറുപ്പ് നിറത്തിൽ മാത്രം വിൽപ്പനയ്ക്കുണ്ടായിരുന്ന ബൈക്കിലാണ് ബജാജ് ഇപ്പോൾ ചുവപ്പ്, വെള്ളി നിറത്തിലുള്ള ഹൈലൈറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഹെഡ്ലൈറ്റ് ക്ലസ്റ്റർ, ബാഡ്ജിങ്, ഗ്രാബ് ഹാൻഡ്ൽ, റിം ടേപ്, സൈഡ് പാനലിലെ കൃത്രിമ വെന്റ് തുടങ്ങിയവയിലാവും ഹൈലൈറ്റുകൾ പ്രത്യക്ഷപ്പെടുക. ചുവപ്പ് ഹൈലൈറ്റിനൊപ്പം സീറ്റിന്റെ തുന്നലിനും ചുവപ്പ് നിറമാണ് ഉപയോഗിക്കുക. 

വർണ സങ്കലനത്തിനപ്പുറം സാങ്കേതിക വിഭാഗത്തിൽ ‘പൾസർ 150 ക്ലാസിക്കി’ൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ബൈക്കിനു കരുത്തേകുക 149 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 8,000 ആർ പി എമ്മിൽ 14 ബി എച്ച് പിയോളം കരുത്തും 6,000 ആർ പി എമ്മിൽ 13.4 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ബൈക്കിലുള്ളത്. 

ഫ്രെയിം, സസ്പെൻഷൻ തുടങ്ങിയവയിലും വ്യത്യാസമൊന്നുമില്ല. മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ 130 എം എം ഡ്രം ബ്രേക്കുമായാണ് ‘പൾസർ 150 ക്ലാസിക്കി’ന്റെ വരവ്. നിലവിലുള്ള മോഡലിന്റെ വകഭേദമായതിനാൽ ഈ ബൈക്കിൽ ആന്റി ലോക്ക് ബ്രേക്ക് (എ ബി എസ്) ഘടിപ്പിക്കേണ്ട നിയമപരമായ ബാധ്യതയും ബജാജ് ഓട്ടോയ്ക്കില്ല.  അതേസമയം, അടുത്ത തലമുറ ‘പൾസറും’ ബജാജ് ഓട്ടോയിൽ വികസന ഘട്ടത്തിലുണ്ട്; ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള നാലു വാൽവ് എൻജിൻ, മോണോ ഷോക് സസ്പെൻഷൻ തുടങ്ങിയവയുമായിട്ടാവും ആ ‘പൾസറി’ന്റെ വരവ്.