പ്രീമിയം ഇന്റീരിയർ, ലാൻഡ്റോവർ ലുക്ക്, വിപണി പിടിക്കാൻ ടാറ്റ ഹാരിയർ

Tata Harrier

പ്രീമിയം എസ്‌യുവി വിപണിയിലേക്കുള്ള ടാറ്റയുടെ എസ്‌യുവിയാണ് ഹാരിയർ. അടുത്തമാസം ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹാരിയറിന്റെ ആദ്യ ചിത്രങ്ങൾ തന്നെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ഹാരിയർ ഇന്റീരിയറിന്റെ കൂടുതൽ വിവരങ്ങൾ ടാറ്റ പുറത്തുവിട്ടിരിക്കുന്നു. സെ‌ഗ്‍െമന്റിലെ തന്നെ ഏറ്റവും പ്രീമിയം എന്നു പറയാവുന്ന ഇന്റീരിയറാണ് പുതിയ എസ്‌യുവിക്ക് ടാറ്റ നൽകിയിരിക്കുന്നത്. സിൽവർ ഫിനിഷുള്ള ഡാഷ്ബോർഡും ഡോർ ഹാൻഡിലുകളും എസി വെന്റുകളുമുണ്ട്. വലിയ ടച്ച് സ്ക്രീൻ ഇൻഫോടെൻമെന്റ് സിസ്റ്റം ഇന്റീരിയറിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.

എച്ച്5എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെട്ടിരുന്ന ഹാരിയറിനെ ടാറ്റ ആദ്യ പ്രദർശിപ്പിച്ചത് കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ്. ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം. ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമാണ് ഒമേഗയുടെ അടിസ്ഥാനം. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ് ഫോമിലാണ്. ഏതു തരത്തിലുള്ള റോഡുകളിലുടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തനായിരിക്കും ഹാരിയർ. ഇതിനായി പ്ലാറ്റ്ഫോമിനെ കൂടുതൽ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. 

Tata Harrier

ലാൻഡ് റോവറിന് സമാനമായി ഫ്ലോർ പ്ലാനും സ്റ്റിയറിങ്ങും ഗിയറുകളും ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ്. അതുപോലെ തന്നെയുള്ള ബോഡി ഘടകങ്ങളും. സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. സുരക്ഷ ഉറപ്പാക്കുന്ന ഡിസൈനാണ് ക്രംപിൾ സോണിന്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിനാവും ഹാരിയറിലൂടെ രംഗപ്രവേശം ചെയ്യുക. മികവുറ്റ ഡ്രൈവിങ് ക്ഷമതയും പ്രകടനവുമൊക്കെ ഉറപ്പാക്കാൻ ഈ പുത്തൻ എൻജിനു സാധിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിലയിരുത്തൽ. കരുത്തിലും വിശ്വാസ്യതയിലും ക്രയോജെനിക് റോക്കറ്റ് എൻജിനാണു ക്രയോടെക്കിനു മാതൃകയെന്നു ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തുന്നു. പ്രകടനക്ഷമതയിലും ആധുനികതയിലും ആഗോളനിലവാരമാണു ക്രയോടെക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

Tata Harrier

അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡലാണ് ആദ്യ പുറത്തിറങ്ങുക. ഹാരിയർ അടുത്ത വർഷം മാർച്ചിൽ പുറത്തിറങ്ങും. 2020 ലാണ് 7 സീറ്റ് വകഭേദം പുറത്തിറങ്ങുക. അതിന് വേറെ പേരുമായിരിക്കും. 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ടാകും. മുൻ വീൽ ഡ്രൈവ്, നാല് വീൽ ഡ്രൈവ് മോഡുകളും ഹാരിയറിനുണ്ട്.