ഇ ബൈക്ക് കയറ്റുമതിക്കൊരുങ്ങി ഹീറോ ഇലക്ട്രിക്

അടുത്ത വർഷത്തോടെ കയറ്റുമതി ആരംഭിക്കുമെന്ന് ബാറ്റററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ നിർമാതാക്കളായ ഹീറോ ഇലക്ട്രിക്. ഏഷ്യയ്ക്കു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ആദ്യഘട്ടത്തിൽ ഇ ബൈക്കുകൾ കയറ്റുമതി ചെയ്യാനാണു കമ്പനിയുടെ പദ്ധതി. ആഭ്യന്തര വിപണിയിൽ വിൽപ്പന ഇരട്ടിയായി ഉയർത്താനും ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 30,000 വൈദ്യുത ഇരുചക്രവാഹനങ്ങളാണു കമ്പനി വിറ്റത്.

വിദേശരാജ്യങ്ങളിലേക്കു പ്രവർത്തനം  വ്യാപിപ്പിക്കുമ്പോഴും കമ്പനിയുടെ ശ്രദ്ധാകേന്ദ്രം ആഭ്യന്തര വിപണിയായി തുടരുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജാൾ വ്യക്തമാക്കി. ആഭ്യന്തര വിപണിയെ അപേക്ഷിച്ച് വിദേശ വിൽപ്പന നാമമാത്രമാവുമെന്നാണു മുഞ്ജാളിന്റെ നിഗമനം. 2020 — 21 ആകുമ്പോഴേക്ക് ആഭ്യന്തര വിപണിയിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാനാണു ഹീറോ ഇലക്ട്രിക്കിന്റെ മോഹം.

ഇക്കാലത്തിനിടെ കമ്പനിയുടെ വിപണന ശൃംഖല ഇപ്പോഴത്തെ 450 ഡീലർഷിപ്പുകളിൽ നിന്ന് 900 എണ്ണമായി ഉയരുമെന്നും അദ്ദേഹം കരുതുന്നു.അടുത്ത ഏപ്രിലോടെ ലുധിയാനയിലെ നിർമാണശാലയുടെ ഉൽപ്പാദനശേഷി പ്രതിവർഷം 80,000 യൂണിറ്റായി ഉയർത്താനും ഹീറോ തയാറെടുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ പുതിയ നിർമാണശാലയ്ക്കുള്ള സാധ്യതയും കമ്പനി തേടുന്നുണ്ട്. ഒപ്പം ഭാവിയിൽ ഓരോ വർഷവും കുറഞ്ഞത് രണ്ടു പുതിയ മോഡൽ വീതം അവതരിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 

നിലവിൽ നാലു മോഡലുകളാണു ഹീറോ ഇലക്ട്രിക് വിൽപ്പനയ്ക്കെത്തിക്കുന്നത്. കൂടുതൽ സഞ്ചാരശേഷിയും വേഗവും ഉറപ്പാക്കാൻ ലിതിയം അയോൺ ബാറ്ററിയാണ് ഇ ബൈക്കുകളിൽ ഹീറോ ഇലക്ട്രിക് ഉപയോഗിക്കുന്നത്.