ടിയാഗൊയ്ക്ക് മുന്തിയ പതിപ്പായി എക്സ് സെഡ് പ്ലസ്

ടാറ്റ മോട്ടോഴ്സ് ശ്രേണിയിൽ ഏറ്റവും മികച്ച വിൽപ്പന നേടി മുന്നേറുന്ന കാറാണു ഹാച്ച്ബാക്കായ ‘ടിയാഗൊ’. ആകർഷണീയതയ്ക്കൊപ്പം പ്രായോഗികത കൂടി സമന്വയിപ്പിക്കുകയും സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ വിട്ടുവീഴ്ച ചെയ്യാത്തതുമാണ് ‘ടിയാഗൊ’യുടെ സ്വീകാര്യത മെച്ചപ്പെടുത്തുന്നത്. എന്നിട്ടും കൂടുതൽ സൗകര്യങ്ങളോടെ ‘ടിയാഗൊ’യുടെ പുതിയ, മുന്തിയ വകഭേദം അവതരിപ്പിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ നീക്കം.

കഴിഞ്ഞ മാസം ‘ടിഗൊറി’ൽ നടപ്പാക്കിയതിനു സമാനമായ പരിഷ്കാരമാണ് ആഴ്ചകൾക്കുള്ളിയിൽ ‘ടിയാഗൊ’യിലും ടാറ്റ മോട്ടോഴ്സ് നടത്തുകയെന്നാണു സൂചന. കൂടുതൽ പുതുമകളും പരിഷ്കാരങ്ങളുമുള്ള ‘ടിയാഗൊ എക്സ് സെഡ് പ്ലസ്’ പതിപ്പ് 12ന് അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന. ‘ടിയാഗൊ എക്സ് സെഡ് പ്ലസി’ൽ പുതിയ 15 ഇഞ്ച്, ഇരട്ട വർണ അലോയ് ആണു ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുക; നിലവിൽ ‘ടിയാഗൊ’യിലുള്ളത് 14 ഇഞ്ച് അലോയ് വീലാണ്. സ്മോക്ക്ഡ് ബ്ലാക്ക് ബെസ്ൽ സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്, സൈഡ് ബോഡി മോൾഡിങ്, കാന്യൻ ഓറഞ്ച് — ഓഷ്യൻ ബ്ലൂ വർണ സാധ്യത, ടെയിൽ ഗേറ്റിൽ ക്രോം അക്സന്റ്, വെൽക്കം ഫംക്ഷൻ സഹിതം ഇലക്ട്രിക്കലി ഫോൾഡിങ് റിയർവ്യൂ മിറർ, ഇരട്ട വർണ റൂഫ് എന്നിവയും കാറിലുണ്ടാവും. 

അകത്തളത്തിൽ ആൻഡ്രോയ്ഡ് ഓട്ടോ സഹിതം ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, വോയ്സ് കമാൻഡ് അക്സസ്, ഇൻകമിങ് എസ് എം എസ് നോട്ടിഫിക്കേഷൻ തുടങ്ങിയവയുണ്ടാകും. വൈകാതെ ആപ്പ്ൾ കാർ പ്ലേയും ലഭ്യമാവും. പൂർണമായും ഓട്ടമാറ്റിക്കായ എ സിയും ഡിജിറ്റൽ നിയന്ത്രണവുമാണു മറ്റു സവിശേഷത. 

ബെറി റെഡ്, എസ്പ്രസൊ ബ്രൗൺ, പേൾസെന്റ് വൈറ്റ്, ടൈറ്റാനിയം ഗ്രേ, ഓഷ്യൻ ബ്ലൂ, കാന്യൻ ഓറഞ്ച് നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കുണ്ടാവുക. എസ്പ്രസൊ ബ്രൗൺ ഒഴികെയുള്ള നിറങ്ങൾ ഇരട്ട വർണ സങ്കലന രീതിയിലും ലഭ്യമാവും. സാങ്കേതിക വിഭാഗത്തിൽ മറ്റു മാറ്റമില്ലാതെയാവും ‘ടിയാഗൊ എക്സ് സെഡ് പ്ലസ്’ എത്തുക; അഞ്ചു സീറ്റുള്ള കാറിലെ എൻജിൻ സാധ്യത 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊട്രോൺ പെട്രോൾ, 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനുകളാണ്. 

കാറിലെ 1199 സി സി പെട്രോൾ എൻജിന് 85 പി എസോളം കരുത്തും 114 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; 1047 സി സി ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു പെട്രോൾ, ഡീസൽ എൻജിനുകൾക്കു കൂട്ട്. പെട്രോൾ ‘എക്സ് ടി എ’, എക്സ് സെഡ് എ’ പതിപ്പുകളിൽ എ എം ടി ട്രാൻസ്മിഷനും ലഭ്യമാണ്. എന്നാൽ തുടക്കത്തിൽ ‘ടിയാഗൊ എക്സ് സെഡ് പ്ലസ്’ മാനുവൽ ട്രാൻസ്മിഷനോടെ മാത്രമാണു വിപണിയിലുണ്ടാവുക.