ജീപ്പിന്റെ കോപ്പിയടിയല്ല റോക്സർ; യു എസ് ട്രേഡ് കമ്മിഷൻ

ROXOR

യുഎസ് വിപണിയിൽ റോക്സർ വിൽക്കുന്നതിനെതിരെ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ്സിഎ) നൽകിയ കേസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എംആൻഡ്എം)യ്ക്ക് ആശ്വാസം. ഫിയറ്റ് ജീപ്പിന്റെ ഗ്രില്ലിന്റെ രൂപകൽപ്പനയെ മഹീന്ദ്ര യു എസ് വിപണിക്കായി വികസിപ്പിച്ച എസ്‌യുവി റോക്സർ അനുകരിക്കുന്നെന്ന് ആരോപിച്ചായിരുന്നു എഫ്സിഎ കോടതിയിലെത്തിയത്.

എന്നാൽ ജീപ്പിന്റെ ഗ്രിൽ രൂപകൽപ്പന പകർത്തിയെന്ന എഫ്സിഎയുടെ വാദം അടിസ്ഥാനരഹിതമാണെന്നായിരുന്നു യുഎസ് ട്രേഡ് കമ്മിഷൻ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ നിഗമനം. എങ്കിലും രാജ്യാന്തര വ്യാപാര കമ്മിഷനിൽ നിന്നുള്ള അന്തിമ വിധി ആയിട്ടില്ലെന്നത് എഫ്സി എയ്ക്കു പ്രതീക്ഷയേകുന്നുണ്ട്. റോക്സറിനെതിരെ യുഎസ്എൽഎൽസിയുടെ ബൗദ്ധികാവകാശ നിയമം നടപ്പാക്കുന്നതിന് കരാർപരമായ വിലക്കുണ്ട്. ഇത് തെളിയിക്കുന്നതിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും മഹീന്ദ്ര ഓട്ടമോട്ടീവ് നോർത്ത് അമേരിക്ക ഇൻകോർപറേറ്റഡും വിജയിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മഹീന്ദ്രയുടെ വാഹനങ്ങളിൽ അംഗീകൃതമായ ഗ്രിൽ രൂപകൽപ്പനയാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടാൻ എഫ്സിഎയ്ക്ക് അധികാരമില്ലെന്നാണു കരാർ വ്യവസ്ഥ. റോക്സറിൽ മഹീന്ദ്ര ഉപയോഗിക്കുന്നത് അംഗീകൃത ഗ്രിൽ ഘടനയാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോക്സറിനെതിരെ അന്വേഷണവുമായി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെടാൻ എഫ്സിഎയ്ക്കു കരാർപ്രകാരമുള്ള വിലക്കുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു.

അതേസമയം റോക്സറിന്റെ വിൽപ്പന തന്നെ നിയമവിരുദ്ധമാണെന്ന നിലപാടായിരുന്നു കോടതിയിൽ എഫ്സിഎ സ്വീകരിച്ചത്. വില്ലിസ് ജീപ്പിന്റെ മുഖമുദ്രയായ രൂപകൽപ്പനയുടെ പകർപ്പവകാശ ലംഘനമാണു റോക്സറിലൂടെ മഹീന്ദ്ര നടത്തിയതെന്നും കമ്പനി ആരോപിച്ചിരുന്നു.

അന്തിമ വിധിയായില്ലെന്ന് എഫ് സി എ

‘റോക്സറി’ന്റെ രൂപകൽപ്പനയുടെ പേരിൽ യുഎസിൽ നടന്ന നിയമയുദ്ധത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) വിജയിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ്സിഎ). യുഎസിൽ ഈ തർക്കത്തെക്കുറിച്ച് അന്വേഷിക്കുന്ന രാജ്യാന്തര വ്യാപാര കമ്മിഷൻ കേസിലെ അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ലെന്ന് എഫ്സിഎ നോർക്ക് അമേരിക്ക ലീഗൽ കമ്യൂണിക്കേഷൻസ് മാനേജർ മൈക്ക് പലേസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മഹീന്ദ്ര സമർപ്പിച്ച സത്യമാവാങ്മൂലം തെറ്റിദ്ധരിച്ചാണു വിവിധ മാധ്യങ്ങൾ അടിസ്ഥാനരഹിതമായ വാർത്ത പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിലരാവട്ടെ പ്രഖ്യാപിക്കാനിടയുള്ള വിധിയെപ്പറ്റി അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും പലേസ് ആരോപിച്ചു. മഹീന്ദ്ര സമർപ്പിച്ച സത്യവാങ്മൂലത്തെ ഖണ്ഡിച്ച് കമ്പനി വ്യാപാര കമ്മിഷനു കൈമാറിയ മറുപടിയും എഫ് സി എ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ കമ്പനി ഉന്നയിച്ച ആരോപണങ്ങളെല്ലാം 2009ൽ ഒപ്പിട്ട കരാർ പ്രകാരമുള്ളവയാണെന്ന് തെളിയിക്കാൻ മഹീന്ദ്രയ്ക്കു സാധിച്ചില്ലെന്നാണ് എഫ് സി എയുടെ പക്ഷം. ഈ സാഹചര്യത്തിൽ മഹീന്ദ്രയ്ക്കെതിരായ അന്വേഷണം തുടരണമെന്നും എഫ് സി എ വാദിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ‘ഥാർ’ അടിസ്ഥാനമാക്കി യു എസിനു വേണ്ടി മഹീന്ദ്ര വികസിപ്പിച്ച എസ് യു വിയാണ് ‘റോക്സർ’. ഇന്ത്യയിൽ നിന്നു കിറ്റ് ഇറക്കുമതി ചെയ്ത് മഹീന്ദ്ര ഓട്ടമോട്ടീവ് നോർത്ത് അമേരിക്കയാണു ‘റോക്സർ’ അസംബ്ൾ ചെയ്യുന്നത്.