ഒറ്റ ഫ്രെയിമിൽ മമ്മൂക്ക-ലാലേട്ടൻ വാഹനം; ആവേശമാക്കി ആരാധകര്‍

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സൂപ്പർതാര വാഹനങ്ങളുടെ ചിത്രങ്ങൾ, കടപ്പാട്: mohanlalfansclub

കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ഫാൻസി നമ്പറുകളാണ് 369ഉം 2255ഉം. ഒന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രിയ നമ്പറാണെങ്കിൽ മറ്റൊന്ന് സൂപ്പർതാരം മോഹൻലാലിന്റെ ഇഷ്ട നമ്പറാണ്. സൂപ്പർസ്റ്റാർ പരിവേഷമുള്ള രണ്ടു നമ്പറുകളും ഒറ്റ ഫ്രെയിമിൽ കിട്ടിയതിന്റ സന്തോഷത്തിലാണ് താര ആരാധകർ. സമൂഹമാധ്യമങ്ങളിൽ വൈറലായി മുന്നേറുകയാണ് ഈ ചിത്രം. സ്ഥലം വ്യക്തമല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും എത്തിയ വാഹനങ്ങൾ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. 

‌നീല പോർഷെയിലാണ് മമ്മൂട്ടി എത്തിയതെങ്കിൽ ലാൻഡ് ക്രൂസറിലാണ് മോഹൻലാൽ എത്തിയത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് മമ്മൂട്ടിയുടെ 369. ടൊയോട്ടയുടെ ഈ ആഡംബര എസ്‌യുവിയായ ലാൻഡ് ക്രൂസറാണ് മോഹൻലാലിന്റെ 2255.

പോർഷെ പനമേര

പോർഷെയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് പനമേര. 550 പിഎസ് കരുത്തും 770 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം മതി. ഈ കരുത്തന്റെ കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്. ഏകദേശം 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ എക്സ്ഷോറൂം വില.

ലാൻഡ് ക്രൂസർ

സിനിമാ താരങ്ങളുടെ ഇഷ്ടവാഹനമാണ് ലാൻ‍ഡ് ക്രൂസർ. ടൊയോട്ടയുടെ ഈ ആഡംബര എസ്‌യുവിയിൽ ഉപയോഗിക്കുന്നത് 4461 സിസി വി8 ഡീസൽ എൻജിനാണ്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾ‌സൈസ് എസ്‌യുവിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്.