അമ്പോ! എന്തൊരാഡംബരം, റോൾസ് റോയ്സ് കള്ളിനൻ; വില 6.95 കോടി

Rolls Royce Cullinan

റോൾസ് റോയ്സിന്റെ പുത്തൻ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ കള്ളിനൻ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഫാന്റത്തിന് അടിത്തറയാവുന്ന ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി പ്ലാറ്റ്ഫോമിൽതന്നെ സാക്ഷാത്കരിച്ച കാറിന് 6.95 കോടി രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. മുന്നിൽ നിന്നുള്ള കാഴ്ചയിൽ തികഞ്ഞ റോൾസ് റോയ്സായ കള്ളിനന് വലുപ്പവുമേറെയാണ്; 5,341 എം എം നീളം, 2,164 എം എം വീതി, ഒപ്പം 3,295 എം എം വീൽബേസും. ബോണറ്റിലെ സ്പിരിറ്റ് ഓഫ് എക്സ്റ്റസിക്കു പുറമെ ചതുരാകൃതിയിലുള്ള എൽ ഇ ഡി ഹെഡ്​ലൈറ്റിനു താഴെയായി വലുപ്പമേറിയ എയർ ഇൻടേക്കുകളുമുണ്ട്. 

എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണു കള്ളിനലിലുമുള്ളത്. ക്രോമിയം വാരിയണിഞ്ഞെത്തുന്ന എസ്‌യുവിയിൽ 22 ഇഞ്ച് അലോയ് വീലുകളുമുണ്ട്. പിന്നിൽ റൂഫ് മൗണ്ടഡ് സ്പോയ്ലർ, കുത്തനെയുള്ള എൽഇഡി ടെയിൽ ലാംപ്, ഇരട്ട എക്സോസ്റ്റ് പോർട്ട് എന്നിവയുമുണ്ട്.

ഫാന്റത്തിനു സമാനമായ അകത്തളമാണു കള്ളിനലിലുമുള്ളത്. മുന്തിയ നിലവാരമുള്ള ബെസ്പോക്ക് ലതർ, വുഡ് — മെറ്റൽ ട്രിം തുടങ്ങിയവയുള്ള കാബിനിൽ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അനലോഗ് ക്ലോക്ക് എന്നിവയുമുണ്ട്. ഇതിനു പുറമെ റോൾസ് റോയ്സിൽ ഇതാദ്യമായി ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കള്ളിനനിലുണ്ട്. പിൻസീറ്റ് യാത്രികർക്കായി 12 ഇഞ്ച് സ്ക്രീനുമുണ്ട്. 560 ലീറ്ററാണു ബൂട്ട് സ്പേസ്; പിൻസീറ്റുകൾ മടക്കിയാൽ സംഭരണസ്ഥലം 1,930 ലീറ്ററോളമാവും.

കള്ളിനനു കരുത്തേകുന്നത് 6.75 ലീറ്റർ, വി 12 പെട്രോൾ എൻജിനാണ്; 571 ബി എച്ച് പി കരുത്തും 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ആദ്യ റോൾസ് റോയ്സുമാണ് ‘കള്ളിനൻ’.  ഉപയോക്താവിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ച് കള്ളിനനെ അണിയിച്ചൊരുക്കാനുള്ള അവസരവും റോൾസ് റോയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ കാറിന്റെ വിലയിൽ ഒരു കോടിയോളം രൂപയുടെ വരെ വർധന പ്രതീക്ഷിക്കാം. അടുത്ത വർഷത്തോടെ റോൾസ് റോയ്സ് ഇന്ത്യൻ ഉടമകൾക്ക് കള്ളിനൻ കൈമാറുമെന്നാണു പ്രതീക്ഷ.